Advertisement
World News
ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ ഇര; ചൈനയിലേക്ക് കയറ്റി അയച്ച ബോയിങ് വിമാനങ്ങള്‍ യു.എസില്‍ തിരിച്ചെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 08:56 am
Sunday, 20th April 2025, 2:26 pm

വാഷിങ്ടണ്‍: അമേരിക്ക യു.എസിനുമേല്‍ ഭീമമായ പകരച്ചുങ്കം ചുമത്തിയതിന്റെ പേരില്‍ ചൈന തിരിച്ചയച്ച ബോയിങ് വിമാനങ്ങള്‍ യു.എസിലെ നിര്‍മാണ കേന്ദ്രത്തില്‍ തിരിച്ചെത്തി.

737 മാക്‌സ് എന്ന ബോയിങ് വിമാനം ചൈനയുടെ സിയാമെന്‍ എയര്‍ലൈന്‍സിന് വേണ്ടി നിര്‍മിച്ചതായിരുന്നു. ഇവ സിയാറ്റിലില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്കായി നിര്‍മിച്ച അനേകം 737 മാക്‌സ് വിമാനങ്ങളില്‍ ഒന്ന് മാത്രമാണിത്.

ഒരു പുതിയ 737 മാക്‌സ് വിമാനത്തിന്‌ ഏദേശം 55 മില്യണ്‍ ഡോളര്‍ വിപണി മൂല്യമുണ്ടെന്ന് വ്യോമയാന കണ്‍സള്‍ട്ടന്‍സിയായ ഐ.ബി.എയുടെ കണക്ക്. ചൈനയിലെ ഷൗഷാനിലെ പ്ലാന്റില്‍ നിന്ന് യു.എസിലേക്ക് തിരിച്ചയച്ച വിമാനം ഒരു മാസം മുമ്പാണ് ചൈനയിലേക്ക് ഇറക്കുമതി ചെയ്തത്. ഈ വിമാനങ്ങളുടെ ഫിനിഷിങ് വര്‍ക്കുകള്‍ നടക്കുകയായിരുന്നു. ബോയിങ്ങിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് 737 മാക്‌സ്.

ബോയിങ്ങില്‍ നിന്ന് പുതിയ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യരുതെന്നും ഇതിനകം ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അനുമതി തേടണമെന്നും ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത്.

വിമാനങ്ങള്‍ തിരിച്ചയച്ചതോടെ ബോയിങ് ജെറ്റുകള്‍ ഉപയോഗിച്ചിരുന്ന ചൈനീസ് എയര്‍ലൈനുനുകളും പ്രതിസന്ധിയിലായേക്കാം. ചില എയര്‍ലൈന്‍ സി.ഇ.ഒമാര്‍ തീരുവ അടയ്ക്കുന്നതിന് പകരം വിമാന ഡെലിവറി മാറ്റിവയ്ക്കുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക നിലവില്‍ 245% ഇറക്കുമതി തീരുവയാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.

ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും എതിരെയുള്ള പ്രതികാരമായാണ് അമേരിക്കയുടെ ഈ നടപടി. വ്യാപാര ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും തയ്യാറാകേണ്ടത് ചൈനയാണെന്ന് ആരോപിച്ച അമേരിക്ക ഒറ്റയടിക്കാണ് 145%ത്തില്‍ നിന്ന് 245% ആയി താരിഫ് ഉയര്‍ത്തിയത്.

Content Highlight:  victim of Trump’s tariff war, Boeing planes shipped to China return to US