Kerala Assembly Election 2021
നേമം തൊടാമോ എന്ന് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും ഹൈക്കമാന്‍ഡ്; മണ്ഡലം മാറാനില്ലെന്ന് നേതാക്കള്‍; കോണ്‍ഗ്രസിലെ സസ്‌പെന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 11, 08:48 am
Thursday, 11th March 2021, 2:18 pm

ന്യൂദല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായതോടെ കോണ്‍ഗ്രസിന്റെ പട്ടികയ്ക്കാണ് കേരളമിപ്പോള്‍ കാത്തിരിക്കുന്നത്. ഇതിനിടെയാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്.

ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നേമത്ത് ആരായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം നല്‍കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ചോദിച്ചിരുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. എന്നാല്‍ മണ്ഡലം മാറി മത്സരിക്കാന്‍ ഇരുവരും സന്നദ്ധരല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെയാണ് നേമത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ മുന്നോട്ടു വന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഭയക്കുന്നത്.

മുരളീധരന്‍ മുന്നോട്ടുവന്നെങ്കിലും എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനമുള്ളതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലാണ്.

എ, ഐ ഗ്രൂപ്പുകളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 
Content Highlight: Suspense in congress over Nemam Constituency