തിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജില്‍ ഓണാഘോഷത്തിന് ഫയര്‍ എഞ്ചിന്‍ നല്‍കിയ സംഭവത്തില്‍ ഏഴ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ എന്‍.വി.ജോണ്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
വാഹനം ഉപയോഗിക്കാന്‍ മൗനനുവാദം നല്‍കിതായും ഫയര്‍ഫോഴ്‌സ് വാഹനം ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ആഘോഷം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ഐ.എച്ച്.ആര്‍.ഡി കോളജ് അധികൃതരുടെ വിശദീകരണം. ആഘോഷം നടന്നത് പുറത്താണെന്നും അവര്‍ പറയുന്നു.
സ്വകാര്യ ആവശ്യത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വിട്ടുകൊടുത്തതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി ഫയര്‍ഫോഴ്‌സ് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെയാണ് ഫയര്‍ എഞ്ചിന്‍ ഘോഷയാത്രക്കായി ഉപയോഗിച്ചിരുന്നത്.
ഫയര്‍ എഞ്ചിന്റെ മുകളിലും മുന്നിലും നിരവധി കുട്ടികള്‍ കയറിനിന്നിരുന്നു. ഫയര്‍ എഞ്ചിനെ കൂടാതെ കെ.എസ്.ആര്‍.ടി.സി ബസ്, ജെ.സി.ബി, ക്രെയിന്‍ ട്രാക്ടര്‍ ജീപ്പുകള്‍, ലോറികള്‍ തുടങ്ങിയ വാഹനങ്ങളും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.