മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.
പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ 1980ല്‍ പുറത്തിറങ്ങിയ അങ്ങാടി എന്ന സിനിമയെ കുറിച്ച് പറയുകയാണ് ബിനു.
ജയനെ നായകനാക്കി ഐ.വി. ശശിയുടെ സംവിധാനത്തില്‍ എത്തിയ ഈ ചിത്രത്തില്‍ കുതിരവട്ടം പപ്പുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘അങ്ങാടി സിനിമയെ കുറിച്ച് അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും ഓര്‍മയുണ്ടോയെന്ന് ചോദിച്ചാല്‍, ആ സിനിമയെ കുറിച്ച് എനിക്ക് അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആ പടം തിയേറ്ററില്‍ 125 ദിവസം ഓടിയിരുന്നു.
അത്രയും ദിവസം ഓടിയത് കൊണ്ട് തന്നെ അത് തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റി. അതായത്, ഇനി ആ സിനിമ കാണാന്‍ ആരും വരില്ലെന്ന് കരുതി ചെയ്തതാണ്. പക്ഷെ പിന്നീടും തിയേറ്ററില്‍ ആളുകള്‍ വന്നിട്ട് ചോദിച്ചത് അങ്ങാടി സിനിമയുടെ ടിക്കറ്റായിരുന്നു.
അവര്‍ക്ക് ആ പടമായിരുന്നു കാണേണ്ടത്. അവസാനം ആ സിനിമ വീണ്ടും റിലീസ് ചെയ്തു. എന്നിട്ട് 75 ദിവസം അത് ഓടി. ഞാന്‍ അത് പറയാന്‍ ഒരു കാരണമുണ്ട്.
എന്റെ വീട്ടില്‍ ഇപ്പോഴും രണ്ട് ഷീല്‍ഡുണ്ട്. അതില്‍ ഒന്ന് 125 ദിവസം ഓടിയതിന്റേയും മറ്റൊന്ന് 75 ദിവസം ഓടിയതിന്റേതുമാണ്. അങ്ങനെ ആ സിനിമ മൊത്തം 200 ദിവസമാണ് തിയേറ്ററില്‍ ഓടിയത്,’ ബിനു പപ്പു പറയുന്നു.
അങ്ങാടി:
ടി. ദാമോദരന്റെ രചനയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്ങാടി. 1980ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ബാബുവെന്ന നായക കഥാപാത്രമായി എത്തിയത് ജയന്‍ ആയിരുന്നു.
സുകുമാരന്‍, സീമ, ജോസ്, ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങി മികച്ച താരനിര തന്നെയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. 1980ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു അങ്ങാടി.
ജയന്റെ ശരപഞ്ചരം (1979) എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോഡ് തകര്‍ത്ത അങ്ങാടി തിയേറ്ററുകളില്‍ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിച്ചു. ഒപ്പം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറി.
Content Highlight: Binu Pappu Talks About Angadi Movie