Entertainment
അഭിനയിച്ച് വിസ്മയിപ്പിക്കുന്നത് തുടരും...
അമര്‍നാഥ് എം.
2025 Apr 25, 09:00 am
Friday, 25th April 2025, 2:30 pm
സിനിമ കണ്ടിറങ്ങുമ്പോള്‍ ഏതൊരു മോഹന്‍ലാല്‍ ആരാധകനും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് വേണ്ടിയായിരുന്നു കാത്തിരുന്നതെന്ന സന്തോഷം എല്ലാവരുടെയും മുഖത്ത് തെളിയുന്നുണ്ടായിരുന്നു.

പഴയ അഭിനയമൊക്കെ പോയി, ഇനി പണ്ടത്തേതുപോലെ ഭാവങ്ങളൊന്നും മുഖത്ത് വരില്ല എന്നുള്ള പല്ലവികള്‍ മോഹന്‍ലാലിന്റെ അഭിനയത്തെപ്പറ്റി പറയുന്നവര്‍ക്കുള്ള മുഖമടച്ചുള്ള പ്രഹരമാണ് തുടരും എന്ന ചിത്രം. കഴിഞ്ഞ 47 വര്‍ഷമായി മോഹന്‍ലാല്‍ ഇവിടെത്തന്നെയുണ്ട്. അയാളിലെ അഭിനയപ്രതിഭ നമ്മെ വിസ്മയിപ്പിക്കുന്നത് ഇനിയും തുടരും.

തരുണ്‍ മൂര്‍ത്തിയുടെ കൈയില്‍ തന്റെ ഇഷ്ടനടനെ  കിട്ടിയപ്പോള്‍ അയാളിലെ മാക്‌സിമം ഊറ്റിയെടുത്തിട്ടുണ്ട്. സ്‌നേഹനിധിയായ കുടുംബനാഥനായി, നല്ലൊരു കൂട്ടുകാരനായി, എല്ലാം നഷ്ടപ്പെട്ടവനായി, പകയുള്ളവനായി, കുറ്റബോധം പേറുന്നവനായി മോഹന്‍ലാല്‍ എന്ന നടന്‍ ഈ സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു.

അയാളിടെ നടന് യാതൊരു മങ്ങലുമേറ്റില്ലെന്ന് തെളിയിക്കാന്‍ തരുണ്‍ മൂര്‍ത്തിയെപ്പോലൊരു യുവ സംവിധായകന്‍ വേണ്ടിവന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ ഏതൊരു മോഹന്‍ലാല്‍ ആരാധകനും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് വേണ്ടിയായിരുന്നു കാത്തിരുന്നതെന്ന സന്തോഷം എല്ലാവരുടെയും മുഖത്ത് തെളിയുന്നുണ്ടായിരുന്നു.

ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെയും അയാളുടെ കുടുംബത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ആദ്യത്തെ 45 മിനിറ്റിന് ശേഷം സിനിമ മറ്റൊരു ട്രാക്കിലേക്ക് സഞ്ചരിക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയെന്ന സംവിധായകന്റെ നിര്‍ദേശത്തില്‍ മോഹന്‍ലാല്‍ എന്ന പെര്‍ഫോമര്‍ തകര്‍ത്താടിയപ്പോള്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഗംഭീര ബി.ജി.എമ്മില്‍ ആദ്യപകുതി അവസാനിക്കുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടമായിരുന്നു ആദ്യത്തെ കുറച്ചുനേരം. പിന്നീടങ്ങോട്ട് ഓരോ ആരാധകനും ആഘോഷിക്കാനുള്ള തരത്തില്‍ സിനിമ ടോപ്പ് ഗിയറില്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തരാനുദ്ദേശിച്ച സംഭവത്തെ വേണ്ട രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിച്ചില്ല എന്നത് ചെറിയൊരു ന്യൂനതയായി അനുഭവപ്പെട്ടു.

പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ഞെട്ടിക്കുമെന്ന് ഉറപ്പായിരുന്നു. മകനോട് ക്ഷമ ചോദിച്ച് വോയിസ് മെസ്സേജയക്കുന്ന രംഗവും, ഇന്റര്‍വെല്ലിന് ശേഷമുള്ള സീനുകളും അതിന് ഉദാഹരണങ്ങളാണ്. തന്റെ മാസ്റ്റര്‍ മരിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍ വരുന്ന ഭാവമാറ്റവും എടുത്തുപറയേണ്ട ഒന്നാണ്. സിനിമയുടെ രീതികള്‍ മാറിയതറിഞ്ഞ് സ്വയം ട്രോളാന്‍ വേണ്ടിയുള്ള ഡയലോഗുകളും മികച്ചതായി അനുഭവപ്പെട്ടു.

മോഹന്‍ലാലിനൊപ്പം സ്‌കോര്‍ ചെയ്ത മറ്റൊരു നടന്‍ ഈ സിനിമയിലുണ്ട്. ഇതിന് മുമ്പ് കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു മുഖം ആരെന്നായിരുന്നു സിനിമ കണ്ടപ്പോള്‍ ഉടനീളം ചിന്തിച്ചത്. പരസ്യ ചിത്രങ്ങളിലൂടെ പുതുതംരഗം സൃഷ്ടിച്ച പ്രകാശ് വര്‍മ ഈ സിനിമയില്‍ അഭിനയം കൊണ്ട് ഞെട്ടിച്ചു. ജോര്‍ജ് സാര്‍ എന്ന കഥാപാത്രത്തിന്റെ മീറ്റര്‍ ഒരിടത്തും താഴാതെ അദ്ദേഹം അവതരിപ്പിച്ചു.

കാണുന്ന പ്രേക്ഷകന് മുഴുവന്‍ പുഴുവരിക്കുന്ന തരത്തില്‍ അസ്വസ്ഥത തോന്നിക്കാന്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് പ്രകാശ് വര്‍മക്ക് സാധിച്ചു. തുടരും സിനിമയുടേതായി പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ തരുണ്‍ മൂര്‍ത്തി പ്രകാശ് വര്‍മയെ ഒളിപ്പിച്ചുവെക്കുകയായിരുന്നു. സിനിമ കണ്ടപ്പോള്‍ ആ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായെത്തിയ ശോഭനയും തന്റെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്. ലളിതയും ഷണ്മുഖനും തമ്മിലുള്ള കെമിസ്ട്രി മനോഹരമായിരുന്നു. ഇമോഷണല്‍ സീനുകളിലും ശോഭന തന്റെ പെര്‍ഫോമന്‍സ് കൊണ്ട് മികച്ചു നിന്നിട്ടുണ്ട്. ശോഭനയുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തതും ഫ്രഷ് ഫീല്‍ സമ്മാനിച്ചു.

ബിനു പപ്പുവിനെ വേണ്ട രീതിയില്‍ മലയാളസിനിമ ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് തുടരും എന്ന സിനിമ അടിവരയിടുന്നുണ്ട്. കോമഡി റോള്‍, അല്ലെങ്കില്‍ സീരിയസ് റോള്‍ മാത്രമല്ല, നല്ല കലക്കന്‍ വില്ലന്‍ വേഷങ്ങളും ഇവിടെ പോകുമെന്ന് ബിനു പപ്പു തെളിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ബെന്നി അതിനൊരു ഉദാഹരണമാണ്.

ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു. ചെറിയ വേഷങ്ങളായിരുന്നെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന പെര്‍ഫോമന്‍സായിരുന്നു ഇരുവരുടെയും. മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, ഭാരതിരാജ എന്നിവരും അവരുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ജേക്‌സ് ബിജോയ്, സിനിമയിലെ മൂന്നാമത്തെ താരമെന്ന് ജേക്‌സിനെ വിശേഷിപ്പിക്കാം. സീനിന്റെ മൂഡ് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാനും അത് വര്‍ക്ക് ഔട്ട് ആക്കാനും ജേക്‌സിന് സാധിച്ചു. ഫീല്‍ ഗുഡ്, മിസ്റ്ററി, മാസ് ബി.ജി.എമ്മുകളുടെ തമനീയ ശേഖരം തന്റെ പക്കലുണ്ടെന്ന് ജേക്‌സ് ബിജോയ് തെളിയിച്ചു.

ഷാജി കുമാറിന്റെ ഫ്രെയിമുകള്‍ക്കൊപ്പം ഗോകുല്‍ ദാസിന്റെ പ്രൊഡക്ഷന്‍ ഡിസൈനും എടുത്ത് പറയേണ്ട ഒന്നാണ്. തുടക്കത്തില്‍ കാണിക്കുന്ന ഉരുള്‍പൊട്ടല്‍ സീനുകള്‍ക്ക് ഒറിജിനാലിറ്റി കൊണ്ടുവന്നത് ഗോകുലിന്റെ കഴിവ് വെളിപ്പെടുത്തുന്നതാണ്. നിഷാദ് യൂസഫും ഷഫീഖും ചേര്‍ന്നൊരുക്കിയ കട്ടുകളും സിനിമയെ മികച്ചതാക്കി മാറ്റി. കെ.ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നൊരുക്കിയ തിരക്കഥ രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം പ്രേക്ഷകരെ മടുപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്.

മൊത്തത്തില്‍ അഭിനയത്തിലെ ഒറ്റയാനായ മോഹന്‍ലാല്‍ എന്ന ഇതിഹാസം കാടിളക്കി വരുന്ന വരവായി തുടരും എന്ന സിനിമയെ വിശേഷിപ്പിക്കാം. നടനായും താരമായും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ വിസ്മയിപ്പിക്കുന്നത് ഇനിയും തുടരും.

Content Highlight: Thudarum movie Review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം