World News
30 വർഷമായി അമേരിക്കക്ക് വേണ്ടി പണിയെടുക്കുന്നു ഭീകരവാദ ഗ്രൂപ്പുകൾക്ക് ധനസഹായവും പിന്തുണയും നൽകി: പാകിസ്ഥാൻ പ്രതിരോധ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 08:48 am
Friday, 25th April 2025, 2:18 pm

കറാച്ചി: ഭീകരവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകിയെന്ന് സമ്മതിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ.

തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായവും പിന്തുണയും നൽകിയെന്നും അമേരിക്കക്ക് വേണ്ടി കഴിഞ്ഞ 30 വർഷമായി ഈ ജോലി ചെയ്‌തെന്നും ഖ്വാജ ആസിഫ് പറയുന്നു.

‘പാകിസ്ഥാൻ ഭീകരവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകിയിരുന്നു. അവർക്ക് വേണ്ട ധനസഹായം നൽകിയിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഞങ്ങൾ അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തുവരികയാണ്. അതൊരു തെറ്റായിരുന്നു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങൾ ചേർന്നില്ലായിരുന്നുവെങ്കിൽ, പാകിസ്ഥാന്റെ ട്രാക്ക് റെക്കോർഡ് കുറ്റമറ്റതായിരുന്നു,’ അദ്ദേഹം പറഞ്ഞു. സ്‌കൈ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്.

ഇന്ത്യയിലെ ഭീകരാക്രമണത്തിൽ പ്രതികരിച്ച ആഷിഫ് പാകിസ്ഥാനാണ് ഭീകരവാദത്തിൻ്റെ വലിയ ഇരകളിൽ ഒന്നെന്നും ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പറഞ്ഞു. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.

അതേസമയം ലഷ്കർ-ഇ-ത്വയ്ബ പാകിസ്ഥാനിൽ ഇല്ലെന്നും ഇന്ത്യയിലുണ്ടായ ആക്രമണങ്ങൾ ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് നേതൃത്വം നൽകിയത് ഇന്ത്യയാണെന്ന് ഖ്വാജ ആസിഫ് ആരോപിച്ചു.

 

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു.

 

ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlight: Pakistan admits support for terror outfits, Defence Minister Khawaja Asif says ‘did dirty work for US’