Daily News
രഹസ്യനിരീക്ഷണം: അമേരിക്കയെ ഇന്ത്യ അതൃപ്തി അറിയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 01, 02:55 am
Friday, 1st August 2014, 8:25 am

india-us[] ന്യൂദല്‍ഹി: യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചതില്‍ പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ബി.ജെ.പി അടക്കമുള്ള സംഘടനകളെ അമേരിക്ക നിരീക്ഷിച്ചതായുള്ള വെളിപ്പെടുത്തലുകള്‍ ഇന്ത്യ ആശങ്കയോടെയാണ് കാണുന്നതെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായുള്ള ചര്‍ച്ചയില്‍ സുഷമ പറഞ്ഞു.

ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും രഹസ്യാന്വേഷണ സംബന്ധമായ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും  ജോണ്‍ കെറി പ്രതികരിച്ചു. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറുമായി പുതിയൊരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന്  സുഷമ സ്വരാജിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെറി വ്യക്തമാക്കി.

ബുധനാഴ്ച വൈകീട്ട് ഡല്‍ഹിയിലത്തെിയ ജോണ്‍ കെറി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ലോകവ്യാപാര സംഘടനയുമായുള്ള ഇന്ത്യയുടെ അഭിപ്രായ വ്യത്യാസമാണ്  ധനമന്ത്രിയുമായി കെറി ചര്‍ച്ച ചെയ്തത്. ആഗോള വ്യാപാര രംഗത്തെ പരിഷ്‌കരണങ്ങള്‍ക്ക് ഇന്ത്യ എതിരു നില്‍ക്കരുതെന്നും വിഷയത്തില്‍ ഒരു പരിഹാര മാര്‍ഗമുണ്ടാക്കാന്‍ യു.എസ് ഇന്ത്യയെ സഹായിക്കുമെന്നും കെറി വാഗ്ദാനം നല്‍കി.

21-ാം നൂറ്റാണ്ടിലെ പ്രബലമായ കൂട്ടുകെട്ടാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളതെന്ന് ജോണ്‍ കെറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ബന്ധത്തിന് അനന്ത സാധ്യതകളുണ്ടെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ നൂറ്റാണ്ടിന്റെ അനിവാര്യതയാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.