സൂര്യനെല്ലി: ശിക്ഷ ശരിവെച്ചു; പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിട്ടില്ലെന്നും ഹൈക്കോടതി
Kerala
സൂര്യനെല്ലി: ശിക്ഷ ശരിവെച്ചു; പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിട്ടില്ലെന്നും ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th April 2014, 10:55 am

[share]

[] കൊച്ചി: സുര്യനെല്ലിക്കേസിലെ കേസിലെ പ്രധാനപ്രതി അഡ്വക്കേറ്റ് ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടിയ്ക്ക് രക്ഷപ്പെടാന്‍ സാഹചര്യങ്ങളില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിക്കെതിരായി മുമ്പത്തെ വിധിയിലുണ്ടായിരുന്ന മറ്റ് പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കംചെയ്തു. ജസ്റ്റിസ് ബസന്തിന്റെ ആരോപണം തള്ളിയ കോടതി ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടയ്ക്ക് സ്ധായതകളില്ലായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസില്‍ 7 പ്രതികളെ വിട്ടിയയ്ക്കുകയും മറ്റ് പ്രതികള്‍ക്ക് നാല് മുതല്‍ 14 വര്‍ഷം വരെ തടവും ശിക്ഷയാണ് വിധിച്ചത്. ഹൈക്കോടതി വിധി സുപ്രീം കോടതി വിധി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കോടതി വിണ്ടും അപ്പീലുകള്‍ പരിഗണിച്ചത്. വിചാരണ കോടതി വിധിയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലായിരുന്നു ഹൈക്കോടതി വിധി.

വിധി ജസ്റ്റിസ് ബസന്തിനുള്ള മറുപടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വിധി ആശ്വാസമാണെന്നും എന്നാല്‍ തങ്ങളുടെ കണ്ണീരിന് അത് പകരമാവില്ലെന്നും അവര്‍ പ്രതികരിച്ചു. വിധിയിലൂടെ ജനങ്ങള്‍ സത്യമറിയട്ടെയെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു.

ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എം.എല്‍ ജോസഫ്, ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യവൃത്തിയാണെന്നും പെണ്‍കുട്ടി ചെറുപ്പത്തിലേ വഴി പിഴച്ചവളായിരുന്നുവെന്നും രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ലെന്നുമുള്ള ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതേ സമയം ഏഴുപേരെ വെറുതെവിട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി . ഇതിന് സര്‍ക്കാറിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും ക്രൂരവും ഭീകരവുമായ ബലാത്സംഗദുരന്തമാണ് സൂര്യനെല്ലി. അക്ഷരകേരളത്തിന് താങ്ങാനുകുന്നതിനെക്കാള്‍ ഹീനവും മനുഷ്യത്വരഹിതവുമായ കൂട്ടബലാത്സംഗമാണ് നടന്നത്. ഇതിലെ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കാനാകില്ല. മുന്‍ ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ട പ്രതികളില്‍ ഏറെപ്പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതോടെ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെക്കുറിച്ച് പ്രചരിച്ചിരുന്ന തെറ്റായ കഥകള്‍ ജനമനസ്സില്‍നിന്ന് നീങ്ങും- അദ്ദേഹം പറഞ്ഞു.

രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1996 ലാണ് കേസിനാസ്പപദമായ സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജനവരി 16 മുതല്‍ 40 ദിവസം തുടര്‍ച്ചയായി നാല്പത്തിയഞ്ചോളംപേര്‍ പല സ്ഥലങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

നേരത്തെ ഹൈക്കോടതിവിധി റദ്ദായതോടെ, എല്ലാവരെയും ശിക്ഷിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി നിലവില്‍വന്നിരുന്നു. ഹൈക്കോടതിവിധി സംസ്ഥാനസര്‍ക്കാറും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി ഹൈക്കോടതിയുടെ മുന്‍വിധി റദ്ദാക്കിയത്. വിചാരണക്കോടതി ശിക്ഷിച്ച ധര്‍മരാജനൊഴിച്ച് മറ്റ് 35 പേരെയും 2005ല്‍ ഹൈക്കോടതി വിട്ടയച്ചിരുന്നു. ഇതിന് പുറമെ ധര്‍മരാജനെതിരെ ചുമത്തിയിരുന്ന ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയെന്ന കുറ്റത്തിന് വെറും അഞ്ചുകൊല്ലം തടവ് ശിക്ഷയാണ് ധര്‍മരാജന് നല്‍കിയിരുന്നു.