Entertainment
കുട്ടിയാണെന്ന് പോലും നോക്കാതെയാണ് അവൾക്കെതിരെ മോശം കമൻ്റുകൾ ഇടുന്നത്: അഭിലാഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 26, 11:21 am
Wednesday, 26th March 2025, 4:51 pm

നൈറ്റ് ഡ്രൈവ്, പത്താംവളവ്, മാളികപ്പുറം, ആനന്ദ് ശ്രീബാല എന്നീ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അഭിലാഷ് പിള്ള. ഇപ്പോൾ ബാലതാരം ദേവനന്ദയ്ക്ക് എതിരെ വന്ന സൈബർ ട്രോളുകളിൽ പ്രതികരിക്കുകയാണ് അഭിലാഷ്.

11 വയസുള്ള കുട്ടിയാണ് ദേവനന്ദയെന്നും ഇതിനിടയിൽ തന്നെ 15ഓളം സിനിമകളിൽ അഭിനയിച്ചുവെന്നും അഭിലാഷ് പിള്ള പറഞ്ഞു. ദേവനന്ദയ്ക്ക് നിരവധി അംഗീകാരങ്ങൾ കിട്ടിയെന്നും എവിടെ ചെന്നാലും അമ്മമാരൊക്കെ ചോദിക്കുമെന്നും അഭിലാഷ് പറഞ്ഞു.

ദേവനന്ദയുടെ സംസാരത്തിലെ മെച്യൂരിറ്റി ചിലപ്പോൾ മാതാപിതാക്കൾ ട്രെയിൻ ചെയ്യിപ്പിക്കുന്നതായിരിക്കുമെന്നും അവൾ ഈ പ്രായത്തിൽ വായിച്ച പുസ്തകങ്ങൾ താൻ പോലും വായിച്ചിട്ടില്ലായെന്നും അഭിലാഷ് പറഞ്ഞു.

തൻ്റെ മകളും ദേവനന്ദയും ഒരേ പ്രായമാണെന്നും എന്നാൽ അവൾ സംസാരിക്കുന്നത് സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമാണെന്നും പറയുകയാണ് അഭിലാഷ്. 12 വയസുള്ള കുട്ടിയാണെന്ന് പോലും ചിന്തിക്കാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്നും ആരാണ് ഇവർക്ക് ഇതിനുള്ള അധികാരം കൊടുക്കുന്നതെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

കൗമുദിയോട് സംസാരിക്കുകയായിരുന്നു അഭിലാഷ്

മാളികപ്പുറത്തിലെ മോള് ദേവനന്ദ… എന്തൊക്കെ പറഞ്ഞാലും 11 വയസുള്ള കുട്ടിയാണവള്. 11 വയസിനിടയിൽ 15ഓളം സിനിമകളിൽ അഭിനയിച്ചു. അതിലൊരു പടമാണ് മാളികപ്പുറം. അതിൽ അവളാണ് സെൻട്രൽ ക്യാരക്ടർ. അവൾക്ക് എന്തോരം അംഗീകാരങ്ങൾ കിട്ടി. എവിടെ ചെന്നാലും അമ്മമാരൊക്കെ ചോദിക്കും.

അവളുടെ സംസാരത്തിലെ മെച്യൂരിറ്റി… ഒരു സാധാരണ കുട്ടി സംസാരിക്കുന്നതിനെക്കഴിഞ്ഞും ഒരു പടി മുകളിലായിരിക്കും ആ കൊച്ചുകുട്ടിയുടെ സംസാരം. അത് ചിലപ്പോൾ അവളെ വളർത്തുന്ന മാതാപിതാക്കൾ ട്രെയിൻ ചെയ്യിക്കുന്നുണ്ടാകാം. അവൾ ഈ പ്രായത്തിൽ വായിച്ച പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടില്ല.

എൻ്റെ മകളും അവളും ഒരേ പ്രായമാണ്. എന്നാൽ എൻ്റെ മകൾ സംസാരിക്കുന്നത് പോലെയല്ല അവൾ സംസാരിക്കുന്നത്. അവൾ സംസാരിക്കുന്നത് സിനിമകളെ പറ്റിയും പുസ്തകങ്ങളെ പറ്റിയുമാണ്.

ഈ കുട്ടിയുടെ എന്ത് വീഡിയോയുടെ താഴെയും മോശമായിട്ടുള്ള കമൻ്റുകൾ കണ്ടിട്ടുണ്ട്. ഒരു 12 വയസുള്ള കുട്ടിയാണെന്ന് പോലും ചിന്തിക്കാതെയാണ് ഇതൊക്കെ ചെയ്യുന്നത്. ആരാണ് ഇവർക്ക് ഇതിനുള്ള അധികാരം കൊടുക്കുന്നത്. ഒരു കുട്ടിയോടും ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല,’ അഭിലാഷ് പറയുന്നു.

Content Highlight: Abhilash Pillai Talking about Cyber Attack against Deva Nandha