Sports News
അഞ്ച് മത്സരത്തില്‍ മൂന്ന് ഡക്കും ഒരു സെഞ്ച്വറിയും കൂടെ ഒരു റണ്ണും; ഇതാണോ ആളുകള്‍ പറയുന്ന വണ്‍ മാച്ച് വണ്ടര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Wednesday, 26th March 2025, 5:07 pm

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. വെല്ലിങ്ടണില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് പത്ത് ഓവറും എട്ട് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഫൈഫറുമായി തിളങ്ങിയ ജിമ്മി നീഷവും പുറത്താകാതെ 97 റണ്‍സുമായി തിളങ്ങിയ സീഫെര്‍ട്ടുമാണ് ടീമിന്റെ വിജയശില്‍പി.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ വിജയിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റും നാല് ഓവറും ശേഷിക്കെ പാകിസ്ഥാന്‍ മറികടന്നു. ഹസന്‍ നവാസിന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ വിജയിച്ചുകയറിയത്.

ഹസന്‍ നവാസ് തിളങ്ങിയ മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ വിജയിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഹസന്‍ നവാസിന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയ നാല് മത്സരത്തിലും പാകിസ്ഥാന്‍ തോല്‍വി നേരിട്ടു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പാക് പട ഉയര്‍ത്തിയ 91 റണ്‍സിന്റെ വിജയലക്ഷ്യം കിവികള്‍ അനായാസം മറികടന്നു. മത്സരത്തില്‍ സില്‍വര്‍ ഡക്കായാണ് ഹസന്‍ നവാസ് പുറത്തായത്.

പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട രണ്ടാം മത്സരത്തിലും ഹസന്‍ നവാസ് നിരാശപ്പെടുത്തി. ഈ മത്സരത്തില്‍ മൂന്ന് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയായിരുന്നു താരത്തിന്റെ മടക്കം.

ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നവാസിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ പാകിസ്ഥാന്‍ ജയിച്ചുകയറിയപ്പോള്‍ നാലാം മത്സരത്തില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി. 115 റണ്‍സിന് പാകിസ്ഥാന്‍ പരാജയപ്പെട്ട മത്സരത്തില്‍ ഒരു റണ്ണാണ് താരം സ്വന്തമാക്കിയത്.

ബുധനാഴ്ച നടന്ന പരമ്പരയിലെ അഞ്ചാം മത്സരത്തിലും താരം പൂജ്യത്തിനാണ് മടങ്ങിയത്.

0 (2), 0 (3), 105* (45), 1 (4), 0 (3) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ ഹസന്‍ നവാസിന്റെ പ്രകടനം.

ഈ പരമ്പരയിലൂടെയാണ് താരം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 26.50 ശരാശരിയില്‍ 106 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും മൂന്ന് ഡക്കും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇതുവരെയുള്ള കരിയര്‍.

ടി-20 പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് പാകിസ്ഥാന് ഇനി ന്യൂസിലാന്‍ഡില്‍ കളിക്കാനുള്ളത്. ഈ സ്‌ക്വാഡില്‍ ഹസന്‍ നവാസ് ഇടം നേടിയിട്ടില്ല.

മാര്‍ച്ച് 29നാണ് പരമ്പരയിലെ ആദ്യ മത്സരം. നേപ്പിയറിലെ മക്ലീന്‍ പാര്‍ക്കാണ് വേദി.

 

Content Highlight: Hassan Nawaz’s poor batting performance in Pakistan’s tour of New Zealand