ശനിയാഴ്ച നടന്ന ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റമ്പുകയായിരുന്നു. തുടര്‍ച്ചയായ നാലാം തോല്‍വിയും വഴങ്ങിയതോടെ അഞ്ച് തവണത്തെ ചാമ്പ്യന്‍മാര്‍ക്ക് നാണം കെട്ട് പോയിന്റ് ടേബിളിന്റെ അടിയിലേക്ക് കൂപ്പുകുത്തേണ്ടി വന്നിരിക്കുകയാണ്.
ഏഴ് വിക്കറ്റും ഒമ്പത് പന്തും ബാക്കി നില്‍ക്കെയാണ് ആര്‍.സി.ബി മുംബൈ ഇന്ത്യന്‍സിനെ ഇല്ലാതാക്കിയത്. മുംബൈ ഉയര്‍ത്തിയ 151 റണ്‍സ് എന്ന സ്‌കോര്‍ അനായാസേന ബെംഗളൂരു മറികടക്കുകയായിരുന്നു.
നാണംകെട്ട തോല്‍വിയിലും മുംബൈ ഇന്ത്യന്‍സിനും ‘ദില്‍ സേ ആര്‍മി’ക്കും സന്തോഷിക്കാനുള്ള ഏക കാര്യം സൂര്യകുമാര്‍ യാദവിന്റെ മാരക ഫോം തന്നെയാണ്. 37 പന്തില്‍ നിന്നും 68 റണ്‍സ് നേടി പുറത്താകാതെ നിന്നാണ് യാദവ് മുംബൈ ഇന്ത്യന്‍സിന്റെ ഒരറ്റം കാത്തത്.
15 കോടി മുടക്കി ടീമിലെത്തിച്ച വണ്ടര്‍ ബോയ് ഇഷാന്‍ കിഷനേക്കാള്‍ എന്തുകൊണ്ടും ഡിപ്പന്‍ഡ് ചെയ്യാവുന്നതും നായകന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ ‘ഫോര്‍മാറ്റ് മറന്ന് കളിക്കുമ്പോള്‍’ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ സൂര്യകുമാറിനെ പോലെ ഒരാള്‍ ടീമില്‍ വേണ്ടത് അത്യാവശ്യം തന്നെയാണ്.
ബൗളിംഗ് നിര കാര്യമായി ഒന്നും ചെയ്യാതിരിക്കുമ്പോള്‍ തിളങ്ങേണ്ട ബാറ്റിംഗ് നിരയില്‍ ജ്വലിച്ചുനില്‍ക്കുന്നത് സൂര്യകുമാര്‍ മാത്രമാണ്.
കഴിഞ്ഞ മത്സരത്തിലെ ഉജ്ജ്വല പെര്‍ഫോമെന്‍സോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാനും താരത്തിനായി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 120 റണ്‍സാണ് താരം നേടിയത്. മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുമ്പോഴാണ് താരം ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തില്‍ ഒന്നാമതാവാനുള്ള ഓട്ടം തുടരുന്നത്.
രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍ 205 റണ്‍സാണ് താരം മൂന്ന് മത്സരങ്ങളില്‍ നിന്നും നേടിയിരിക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവതാരം ശുഭ്മാന്‍ ഗില്ലാണ് രണ്ടാമന്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും താരം ആളിക്കത്തുകയായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്നും 180 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പട്ടികയിലെ മൂന്നാമന്‍ ഇഷാന്‍ കിഷനാണ്. നാല് കളിയില്‍ നിന്നും 175 റണ്‍സാണ് താരം നേടിയത്.