ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നംവംബര്‍ എട്ടിന് തുടങ്ങാനിരിക്കുകയാണ്. പരമ്പരയില്‍ നാല് ടി-20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇതോടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അടക്കമുള്ള 15 അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ ഇറങ്ങുന്നത്.
സൗത്ത് ആഫ്രിക്കയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ സൂര്യക്ക് ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കാനുള്ളത്. ടി-20യില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് സൂര്യക്കുള്ള അവസരം. ഇതിനായി വെറും 84 റണ്‍സാണ് സൂര്യ നേടേണ്ടത്.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
രോഹിത് ശര്‍മ- 429
വിരാട് കോഹ്‌ലി- 394
സൂര്യകുമാര്‍ യാദവ്- 346
സുരേഷ് റെയ്ന- 339
ശിഖര്‍ ധവാന്‍- 233
അന്താരാഷ്ട്ര തലത്തില്‍ ടി-20യില്‍ പ്രോട്ടിയാസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ ആണ്. 507 റണ്‍സാണ് താരത്തിനുള്ളത്. എന്നാല്‍ ജോണിയെ മറികടക്കാനുള്ള അവസരവും പരമ്പരയില്‍ സൂര്യക്കുണ്ട്. ഇതിനായി 156 റണ്‍സാണ് താരത്തിന് വേണ്ടത്.