ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ എതിരാളികളെ ഒന്നില്‍ പോലും വിജയിക്കാന്‍ അനുവദിക്കാതെയാണ് ഇന്ത്യ പരമ്പര പിടിച്ചടക്കിയത്.
ജൂലൈ 30ന് നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. 18 ഓവര്‍ അവസാനിക്കുമ്പോള്‍ ലങ്കയുടെ കൈവശമുണ്ടായിരുന്ന മത്സരമാണ് റിങ്കു സിങ്ങിന്റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ബൗളിങ് മികവില്‍ ഇന്ത്യ തട്ടിപ്പറിച്ചെടുത്തത്.
മത്സരത്തിന്റെ 19ാം ഓവറില്‍ റിങ്കു മൂന്ന് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അവസാന ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നായകന്‍ സൂര്യ നേടിയത്.
ലങ്കക്കെതിരെ രണ്ട് വിക്കറ്റ് നേടിയതോടെ ടി-20 ഐയിലെ ഒരു റെക്കോഡ് നേട്ടത്തില്‍ നിന്നുമാണ് സൂര്യ പുറത്തായത്. അന്താരാഷ്ട്ര ടി-20യില്‍ ഒരു വിക്കറ്റ് പോലും നേടാതെ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നിന്നുമാണ് സൂര്യ പുറത്തായത്.
2,432 റണ്‍സുമായി ഒന്നാം സ്ഥാനത്തായിരുന്നു സൂര്യ. എന്നാലിപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് ഒന്നാം സ്ഥാനത്ത്.
ഓരോ ഫോര്‍മാറ്റിലും ഒറ്റ വിക്കറ്റ് പോലും വീഴ്ത്താതെ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
ടെസ്റ്റ് – വിരാട് കോഹ്‌ലി – 8,848 റണ്‍സ്
ഏകദിനം – ശിഖര്‍ ധവാന്‍ – 6,793 റണ്‍സ്
ടി-20 – കെ.എല്‍. രാഹുല്‍ – 2,265 റണ്‍സ്
ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലി ഇന്ത്യക്കായി 11 ഇന്നിങ്‌സില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചിട്ടില്ല. 2.88 ആണ് താരത്തിന്റെ ടെസ്റ്റ് എക്കോണമി. എന്നാല്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റും അന്താരാഷ്ട്ര ടി-20യില്‍ നാല് വിക്കറ്റും നേടിയിട്ടുണ്ട്.
ധവാനും ടെസ്റ്റില്‍ ഇന്ത്യക്കായി അഞ്ച് ഇന്നിങ്‌സില്‍ പന്തെറിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 2.00 എക്കോണമിയുള്ള ഗബ്ബര്‍ ഏകദിനത്തിലും ടി-20യിലും പന്തെറിഞ്ഞിട്ടില്ല. വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തേണ്ട സാഹചര്യം രാഹുലിനുണ്ടായിരുന്നില്ല.
ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിലെ അവസാന നിമിഷങ്ങള്‍.
പരമ്പരയിലെ അവസാന ടി-20യില്‍ 12 പന്തില്‍ ശ്രീലങ്കക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് വെറും ഒമ്പത് റണ്‍സായിരുന്നു. ആറ് വിക്കറ്റും ശേഷിക്കുന്നുണ്ട്. എന്നാല്‍ ശ്രീലങ്ക സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തീരുമാനമായിരുന്നു ഇന്ത്യന്‍ നായകനും പരിശീലകനും കൈക്കൊണ്ടത്.
19ാം ഓവര്‍ പന്തെറിയാനെത്തിയത് റിങ്കു സിങ്ങായിരുന്നു. മൂന്ന് റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ട് വിക്കറ്റ്, അതിലൊന്ന് അപകടകാരിയായ കുശാല്‍ പെരേരയുടേതും. ഓവറിലെ രണ്ടാം പന്തില്‍ പെരേരെയെ വീഴ്ത്തിയ റിങ്കു അവസാന പന്തില്‍ രമേഷ് മെന്‍ഡിസിനെയും മടക്കി.
Making heads ‘turn’ with his bowling too – Rinku Singh took his first two T20I wickets in his first over 🤩pic.twitter.com/7ppLzmRAg3
അവസാന ഓവറില്‍ ശ്രീലങ്കക്ക് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ ആറ് റണ്‍സ്. നാല് വിക്കറ്റും കൈവശമുണ്ട്. ഓരോ പന്തില്‍ ഓരോ റണ്‍സ് വീതം നേടിയാലും എളുപ്പം ജയിക്കാവുന്ന അവസ്ഥ. എന്നാല്‍ 20ാം ഓവര്‍ എറിയാനെത്തിയ സൂര്യകുമാര്‍ ലങ്കയുടെ തലവിധി മാറ്റിമറിച്ചു.
അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി സ്‌കൈയും രണ്ട് വിക്കറ്റ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
അതേസമയം, ടി-20 പരമ്പരക്ക് ശേഷമുള്ള ഏകദിന പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഓഗസ്റ്റ് രണ്ടിനാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. കൊളംബോയാണ് വേദി.