ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 164 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനായി കൈല്‍ മഴേസ് 50 പന്ത് നേരിട്ട് 73 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മത്സരം കയ്യിലൊതുക്കുകയായിരുന്നു. 44 പന്തില്‍ 76 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. എട്ട് ഫോറും നാല് സിക്‌സുമടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.
തുടക്കം മുതലെ ആക്രമിച്ച് കളിച്ച അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഷോട്ടുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ പരിക്കേറ്റ് ക്രീസ് വിട്ട് പോയ രോഹിത്തിന് ശേഷം വന്ന അയ്യരിനെ കാഴ്ചക്കാരനാക്കിയായിരുന്നു സൂര്യ തന്റെ വെടിക്കെട്ട് നടത്തിയത്. മറുവശത്ത് അയ്യര്‍ പതറുമ്പോഴായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.
ഓപ്പണിങ് ഇറങ്ങിയ സൂര്യ 15ാം ഓവറില്‍ ടീം സ്‌കോര്‍ 135 റണ്‍സില്‍ നില്‍ക്കെയാണ് ക്രീസില്‍ നിന്നും മടങ്ങിയത്. 165 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു. സൂര്യ തന്നെയായിരുന്നു മത്സരത്തിലെ താരവും.
76 റണ്‍സ് നേടിയതോടെ മറ്റൊരു റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് സൂര്യ. വെസ്റ്റ് ഇന്‍ഡീസ് ഗ്രൗണ്ടില്‍ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് സൂര്യ സ്വന്തമാക്കിയത്.
2019ല്‍ റിഷബ് പന്ത് പുറത്താകാതെ നേടിയ 65 റണ്‍സിന്റെ റെക്കോഡാണ് സൂര്യ മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ രോഹിത് നേടിയ 64 റണ്‍സാണ് മൂന്നാം സ്ഥാനത്ത്. 2019ല്‍ നേടിയ 59 റണ്‍സുമായി വിരാട് നാലാം സ്ഥാനത്തുണ്ട്.