ഏഷ്യാ കപ്പില്‍ മോശം പ്രകടനം കാഴ്ച വെച്ചാണ് ഇന്ത്യ യു.എ.ഇയില്‍ നിന്ന് മടങ്ങിയത്. ലോകകപ്പിന് മുന്നോടിയായി മൊഹാലിയില്‍ നടക്കുന്ന ടി-20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക മത്സരമാണ്. എന്നാല്‍ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലും ഇന്ത്യ മോശം ഫോമില്‍ തുടരുന്നത് ആരാധകരെ വളരെയധികം ക്ഷുഭിതരാക്കുകയാണ്.
ഒരു ടീം എന്ന നിലയില്‍ ഇന്ത്യയുടെ ഗ്രാഫ് താഴോട്ടേക്കാണെങ്കിലും ഇന്‍ഡിവിജ്വല്‍ പ്ലെയേഴ്സിനെ എടുത്തു നോക്കുമ്പോള്‍ പലരും മികച്ച ഫോമിലാണ്. അതിലൊരാളാണ് ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ടി-20 ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് അദ്ദേഹം മുന്നേറിയിരിക്കുന്നത്.
ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ 25 പന്തില്‍ 46 റണ്‍സ് നേടിയാണ് താരത്തിന്റെ മുന്നേറ്റം. ഒന്നാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്വാനെക്കാള്‍ 45 റേറ്റിങ് പോയിന്റ് മാത്രം പിന്നിലാണ് സൂര്യകുമാര്‍. ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ഐ.സി.സി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് താരമിപ്പോള്‍.
ഓസീസിനോട് തോല്‍വി വഴങ്ങിയതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശമനങ്ങളോട് പ്രതികരിക്കുകയാണ് സൂര്യകുമാര്‍. ഡെത്ത് ഓവറുകളില്‍ ടീം ഇന്ത്യ അധികം റണ്‍സ് വിട്ടുകൊടുക്കുന്നെന്ന ആക്ഷേപങ്ങള്‍ക്കിടെ താരം ബൗളര്‍മാരെ പിന്തുണച്ച് സംസാരിച്ചു.
കഴിഞ്ഞ മാച്ചിന് ശേഷം തങ്ങളൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മത്സരത്തില്‍ നിങ്ങള്‍ കണ്ടത് പോലെ തന്നെയായിരുന്നു കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. മാച്ചിനിടെ നല്ല മഞ്ഞുണ്ടായിരുന്നെന്നും അതൊന്നും വകവെക്കാതെ ആക്രമിച്ച് കളിച്ചതിന് അവരെ പ്രശംസിക്കുകയാണ് വേണ്ടതെന്നും സൂര്യകുമാര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ മാക്സിമം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏത് സമയത്തും എതിരാളികളെ വിറപ്പിക്കാന്‍ പോന്നയാളാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഹര്‍ഷല്‍ പട്ടേലിന്റെ പന്തുകള്‍ മികച്ചതാണ്. അദ്ദേഹം ഒരു പരിക്ക് കഴിഞ്ഞ് വന്നയാളാണ്, ആ ഒരു പരിഗണനയെങ്കിലും നല്‍കണം.
ഓരോരുത്തരും അവരവരുടെ റോള്‍ ചെയ്യുന്നു, അവര്‍ക്ക് അവരുടെ ഉത്തരവാദിത്തം അറിയാം, വ്യത്യസ്ത സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ട് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഓസീസിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പൂരില്‍ നടക്കും. ജസ്പ്രീത് ബുംറ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയാല്‍ ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Content highlight: Suryakumar Yadav backs Harshal Patel and Bhuvaneswar Kumar