ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ പ്രകടനത്തിന് ശേഷം റാങ്കിങ്ങിലും വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. മൂന്ന് റാങ്കുകള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കാണ് സൂര്യകുമാര്‍ കുതിച്ചുകയറിയത്.
ഐ.സി.സി. പുറത്തുവിട്ട പുതുക്കിയ ട്വന്റി-20 റാങ്കിങ്ങിലാണ് സൂര്യക്ക് നേട്ടമുണ്ടായത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് റാങ്കിങ്ങാണിത്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരും. 818 പോയിന്റുള്ള ബാബറിന്റെ തൊട്ടുപിന്നില്‍ തന്നെ 816 പോയിന്റുമായി സൂര്യയുണ്ട്.
മുംബൈ ഇന്ത്യന്‍സില്‍ സൂര്യകുമാറിന്റെ ടീം മേറ്റായ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അടുത്ത മികച്ച സ്ഥാനത്തുള്ളത്. 14ാം സ്ഥാനത്താണ് കിഷനുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 16ാം സ്ഥാനത്താണ്. ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് തന്നെ അടിയുറച്ചിരുന്ന വിരാടിന് ഇപ്പോള്‍ തിരിച്ചടിയുടെ കാലമാണ്.
ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന അദ്ദേഹം 28ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിരാട് ഇത്രയും മോശം റാങ്കിങ്ങിലേക്ക് നീങ്ങുന്നത്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടത്തിയ മികച്ച പ്രകടനമാണ് സൂര്യകുമാറിന് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്ഡീസ് 164 റണ്‍സ് നേടിയിരുന്നു. 50 പന്ത് നേരിട്ട് 73 റണ്‍സ് നേടിയ കൈല്‍ മഴേയ്‌സായിരുന്നു വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മത്സരം കയ്യിലൊതുക്കുകയായിരുന്നു. 44 പന്തില്‍ 76 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. എട്ട് ഫോറും നാല് സിക്‌സുമടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.
തുടക്കം മുതലെ ആക്രമിച്ച് കളിച്ച അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ പരിക്കേറ്റ് ക്രീസ് വിട്ട് പോയ രോഹിത്തിന് ശേഷം വന്ന അയ്യരിനെ കാഴ്ചക്കാരനാക്കിയായിരുന്നു സൂര്യ തന്റെ വെടിക്കെട്ട് നടത്തിയത്. മറുവശത്ത് അയ്യര്‍ പതറുമ്പോഴായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.
ഓപ്പണിങ് ഇറങ്ങിയ സൂര്യ 15ാം ഓവറില്‍ ടീം സ്‌കോര്‍ 135 റണ്‍സില്‍ നില്‍ക്കെയാണ് ക്രീസില്‍ നിന്നും മടങ്ങിയത്. 165 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു. സൂര്യ തന്നെയായിരുന്നു മത്സരത്തിലെ താരവും.
76 റണ്‍സ് നേടിയതോടെ മറ്റൊരു റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് സൂര്യ. വെസ്റ്റ് ഇന്‍ഡീസ് ഗ്രൗണ്ടില്‍ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് സൂര്യ സ്വന്തമാക്കിയത്.