റോളക്‌സ് നല്ലവനല്ല; അങ്ങനെ കാണിച്ചാല്‍ നീതികേടാകും: സൂര്യ
Entertainment
റോളക്‌സ് നല്ലവനല്ല; അങ്ങനെ കാണിച്ചാല്‍ നീതികേടാകും: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th November 2024, 11:07 am

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. ഒരിടവേളക്ക് ശേഷം കമല്‍ ഹാസന്‍ ഗംഭീര തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ഇത്. 400 കോടിക്ക് മുകളിലായിരുന്നു വിക്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

വിക്രത്തില്‍ സൂര്യയും അഭിനയിച്ചിരുന്നു. അവസാന അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെട്ടത്. കരിയറില്‍ ഇന്നേവരെ കാണാത്ത നെഗറ്റീവ് ഷേഡില്‍ വന്ന് സൂര്യ ഞെട്ടിച്ച കഥാപാത്രമായിരുന്നു വിക്രത്തിലെ റോളക്‌സ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ വരും ചിത്രങ്ങളില്‍ റോളക്സ് പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

വിക്രത്തിലെ റോളക്സിന്റെ സ്റ്റാന്‍ഡ് അലോണ്‍ സിനിമ വരികയാണെങ്കില്‍ ആ ചിത്രം റോളക്സിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമായിരിക്കും എന്ന് പറയുകയാണ് സൂര്യ. സംവിധായകന്‍ ലോകേഷ് ഒരിക്കലും റോളക്സിന്റെ പോസിറ്റീവ് സൈഡ് കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല റോളക്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോളക്‌സ് എന്ന കഥാപാത്രത്തിന്റെ പ്രവര്‍ത്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ലെന്നും അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും പ്രേക്ഷരോടും ചെയ്യുന്ന നീതികേടാകും അതെന്നും സൂര്യ പറയുന്നു. റോളക്സിനെ നല്ലവനായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ സാധ്യതയുണ്ടെന്നും സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവായുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘റോളക്സിന്റെ സ്റ്റാന്‍ഡ് അലോണ്‍ സിനിമ വരികയാണെങ്കില്‍ ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും അത്. ഒരിക്കലും റോളക്‌സ് എന്ന കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ സംവിധായകന്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്.

ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടത് അല്ല. അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും അതുവഴി സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. റോളക്സിനെ നല്ലവനാക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ സാധ്യതയുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടം പിടിച്ചതാണ്,’ സൂര്യ പറഞ്ഞു

Content Highlight: Suriya Talks About Rolex