Advertisement
Sports News
അവര്‍ ഒന്നിച്ചിറങ്ങിയാല്‍ വലിയ സെഞ്ച്വറികള്‍ കാണാം: സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 10, 10:59 am
Monday, 10th February 2025, 4:29 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് നേടിയ 304 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഗില്ലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയാണ്. 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്.

ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചിരുന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 52 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് നേടിയത്.

ഇപ്പോള്‍ ഇരുവരെയും കുറുച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്യുമ്പോള്‍ അവരില്‍ നിന്ന് വലിയ സെഞ്ച്വറികള്‍ കാണുമെന്ന് റെയ്‌ന പറഞ്ഞു. രണ്ട് പേര്‍ക്കും വളരെ കാലം ഓപ്പണറായി തുടരാന്‍ സാധിക്കുമെന്നും റെയ്‌ന.

‘രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അവരില്‍ നിന്ന് വലിയ സെഞ്ച്വറികള്‍ കാണാന്‍ സാധിക്കും. അവര്‍ വളരെക്കാലം ഓപ്പണര്‍മാരായി തുടരും. അവര്‍ ബൗളര്‍മാരെ കുഴപ്പത്തിലാക്കി മത്സരം ഏകപക്ഷീയമാക്കുന്നു. ശേഷമിറങ്ങുന്ന മറ്റ് ബാറ്റര്‍മാര്‍ക്ക് മധ്യ ഓവറുകളില്‍ മികവ് പുലര്‍ത്താനും കഴിയും,’ സുരേഷ് റെയ്ന പറഞ്ഞു.

2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത്തും ഗില്ലും നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍, ടീം ഇന്ത്യ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരെ നേരിടും.

Content Highlight: Suresh Raina Talking About Rohit Sharma And Shubhman Gill