Cricket
"ആ മനുഷ്യന്‍ എത്രത്തോളം മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്"; നൂറാം സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സച്ചിന്‍ പറഞ്ഞതിനെക്കുറിച്ച് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th January 2021, 7:27 pm

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമുള്ള കളി ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ താരം സുരേഷ് റെയ്‌ന. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയ്‌ന സച്ചിനൊപ്പം കളിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘ഒരുപാട് നല്ല ഓര്‍മ്മകള്‍ എനിക്ക് പാജിയ്‌ക്കൊപ്പമുണ്ട് (സച്ചിന്‍). 2011 ലെ ലോകകപ്പ് ജയം തന്നെയാണ് അതില്‍ ഏറ്റവും മികച്ചത്. കൂടാതെ 2008 ലെ ആസ്‌ട്രേലിയയിലെ സി.ബി സീരീസ് ജയം, ന്യൂസിലാന്റിലെ ടെസ്റ്റ് ജയം, ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായത് എന്നിവയെല്ലാം മധുരമുള്ള ഓര്‍മ്മകളാണ്’, റെയ്‌ന പറഞ്ഞു.

സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100-ാം സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ റെയ്‌നയായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍. ഷാകിബിനെ സിംഗിളെടുത്ത് സച്ചിന്‍ സെഞ്ച്വറികളുടെ സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ റെയ്‌ന അഭിനന്ദിക്കാനെത്തിയിരുന്നു. ആ സമയത്തെ സച്ചിനൊപ്പമുള്ള സംഭാഷണവും റെയ്‌ന ഓര്‍ത്തെടുത്തു.

‘വെല്‍ ഡണ്‍ പാജി. ഇത് സംഭവിക്കാന്‍ കുറെ മാസങ്ങളായിരിക്കുന്നു’ എന്നായിരുന്നു റെയ്‌ന സച്ചിനോട് പറഞ്ഞു. എന്നാല്‍ സച്ചിന്റെ മറുപടി തന്നെ അമ്പരിപ്പിക്കുന്നതായിരുന്നെന്ന് റെയ്‌ന കൂട്ടിച്ചേര്‍ത്തു.

‘ഈ നിമിഷത്തിനായി കാത്തിരുന്ന് എന്റെ മുടിയില്‍ നര വന്നു’ എന്നായിരുന്നു സച്ചിന്റെ മറുപടി. അത് കേട്ടതോടെയാണ് സച്ചിന്‍ എത്ര മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് താന്‍ മനസിലാക്കിയതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ആ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി റെയ്‌ന മികച്ച പ്രകടനം നടത്തിയിരുന്നു. സച്ചിനൊപ്പം 86 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയിരുന്നു റെയ്‌ന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Raina reveals Sachin Tendulkar’s words to him after hitting 100th century