മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രം ഒ.ടി.ടിയില്‍ നിന്ന് മാറ്റാനുണ്ടായ സാഹചര്യത്തെപ്പറ്റി പറഞ്ഞ് നിര്‍മാതാവ് സുരേഷ് കുമാര്‍.
പ്രിയദര്‍ശന്‍ സങ്കടത്തോടെയാണ് ഒ.ടി.ടി റിലീസിന് സമ്മതിച്ചതെന്നും നഷ്ടം വന്നാല്‍ ഉത്തരം പറയാനാവില്ലെന്ന സ്ഥിതി വന്നപ്പോള്‍ മാത്രമാണ് പ്രിയന്‍ അതിന് അനുവദിച്ചതെന്നും സുരേഷ് കുമാര്‍ പറയുന്നു.
പടം തിയേറ്ററില്‍ കാണണമെന്നത് പ്രിയന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ലാലുമായിട്ട് വരെ കടുത്ത ഭാഷയില്‍ പ്രിയന് സംസാരിക്കേണ്ടി വന്നു. സുഹൃത്തുക്കള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരം വരെ ഉണ്ടായ ഘട്ടമുണ്ടായിരുന്നു. അതെല്ലാം സിനിമ തിയേറ്ററില്‍ കൊണ്ടുവരാന്‍ വേണ്ടിയിട്ടായിരുന്നു.
എന്നാല്‍ നഷ്ടം വന്നാല്‍ ആര് സഹിക്കുമെന്ന പ്രശ്നം വന്നതോടെ പ്രിയന്‍ അതില്‍ നിന്ന് പിന്‍മാറി. അങ്ങനെയാണ് ഒ.ടി.ടി റിലീസിന് തയ്യാറായത്. അവസാനം ആന്റണി തന്നെ അതിന്റെ റിസ്‌ക്ട് എടുക്കുകയായിരുന്നു. പടം തിയേറ്ററില്‍ വന്നാല്‍ ആന്റണിക്ക് കാശ് കിട്ടുമെന്ന് തന്നെയാണ് നൂറ് ശതമാനവും എന്റെ വിശ്വാസം, സുരേഷ് കുമാര്‍ പറഞ്ഞു.
തിയേറ്ററുകാരുമായി വീണ്ടും ഒരു വിലപേശലിന് ആന്റണിക്ക് പോകാന്‍ പറ്റുമായിരുന്നില്ലെന്നും അവര്‍ ഇനി ഒന്നിനും തയ്യാറാകുമായിരുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
മരക്കാറിന്റെ കാര്യത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അവര്‍ക്ക് അത് വരുന്ന സിനിമകള്‍ വെച്ച് മേക്കപ്പ് ചെയ്യാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം. അതുമാത്രമല്ല ഇതില്‍ എന്തെങ്കിലും നഷ്ടം വന്നാല്‍ മോഹന്‍ലാല്‍ അത് ചെയ്തുകൊടുക്കുമെന്നുള്ളത് 100 ശതമാനം ഉറപ്പാണ്. അതില്‍ ഒരു പിന്നോട്ടുപോക്കില്ല, ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
തിയേറ്റര്‍ റിലീസിന് ശേഷം പടം ഒ.ടി.ടിക്ക് കൊടുക്കുമെന്നും എന്നാല്‍ എത്ര ദിവസം കഴിഞ്ഞിട്ടാണെന്ന കാര്യത്തില്‍ ധാരണ ആകുന്നതേയുള്ളൂവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.