പൊലീസ് വേഷങ്ങളിൽ എന്നും കയ്യടി നേടിയിട്ടുള്ള സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രമായിരുന്നു മനു ‘അങ്കിൾ’ എന്ന ചിത്രത്തിലെ മിന്നൽ പ്രതാപൻ. നിമിഷങ്ങൾ മാത്രം സിനിമയിലെത്തി വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയ കോമഡി കഥാപാത്രമാണ് മിന്നൽ പ്രതാപൻ.
ഡെന്നിസ് ജോസഫ് ഒരുക്കിയ മനു അങ്കിളിൽ ആദ്യം വിചാരിച്ചിരുന്നത് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ ആയിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
‘എന്നെ കണ്ടിട്ട് ജോഷി സാർ പറഞ്ഞു മിന്നൽ പ്രതാപൻ എന്ന വേഷം സുരേഷ് ചെയ്താൽ നന്നാവുമെന്ന്. എന്നെ ആരും അങ്ങനെയൊരു വേഷത്തിൽ പ്രതീഷിക്കില്ലല്ലോ,’ സുരേഷ് ഗോപി പറയുന്നു.
ഗരുഡൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമിയോട് പങ്കുവെക്കുമ്പോഴാണ് മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തെ കുറിച്ച് താരം സംസാരിച്ചത്.
‘മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് അതിശയമാണ്. എനിക്കത് ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർത്ത്. ഞാൻ അങ്ങനെയൊരു എക്സ്ട്രോവേർട്ട് ഒന്നുമല്ലായിരുന്നു. മനു അങ്കിളിന്റെ ലൊക്കേഷനിലേക്ക് ഞാൻ ചെന്നത് അവിടെയുള്ള എല്ലാവരെയും ഭക്ഷണം കഴിക്കാൻ എന്റെ വീട്ടിലേക്ക് വിളിക്കാനായിരുന്നു.
അവർ മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തിനായി ജഗതി ചേട്ടനെ കുറേ ദിവസമായി കാത്തിരിക്കുകയായിരുന്നു. പക്ഷെ ഓരോ തിരക്ക് കാരണം നാളെ വരാം എന്ന് പറയുകയല്ലാതെ ജഗതി ചേട്ടൻ വന്നതേയില്ലായിരുന്നു. ആ സമയത്താണ് ഞാൻ അവിടെ ചെന്ന് പെടുന്നത്.
ഡെന്നിസ് ജോസഫ് ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. ജോഷി സാറും ഉണ്ടായിരുന്നു ലൊക്കേഷനിൽ. എന്നെ കണ്ടിട്ട് ജോഷി സാർ പറഞ്ഞു മിന്നൽ പ്രതാപൻ എന്ന വേഷം സുരേഷ് ചെയ്താൽ നന്നാവുമെന്ന്. എന്നെ ആരും അങ്ങനെയൊരു വേഷത്തിൽ പ്രതീഷിക്കില്ലല്ലോ. ഞാൻ അപ്പോൾ തന്നെ ഇങ്ങനത്തെ വേഷം എനിക്ക് ഒട്ടും പറ്റില്ല എന്ന് പറഞ്ഞു. ഞാൻ ഒരുപാട് ബഹളമൊക്കെ ഉണ്ടാക്കി നോക്കി.
ആ സമയത്ത് ജോഷി സാർ എന്നെ ചീത്ത വിളിച്ചു. അദ്ദേഹം പറഞ്ഞാൽ എനിക്ക് വേറൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ഉടനെ തന്നെ എന്റെ യൂണിഫോമിന്റെ അളവെടുത്തു. പിറ്റേന്ന് തന്നെയായിരുന്നു ഷൂട്ടിങ്. ഞാൻ കോമഡി ചെയ്യുന്നതല്ല അങ്ങനെ ആയി പോവുന്നതാണ്. കൂടെയുള്ള അഭിനേതാക്കൾ അങ്ങനെ ഉള്ളവരാകുമ്പോൾ അതങ്ങ് താനേ സംഭവിച്ചോളും.
കൗതുക വാർത്തകളിൽ മുകേഷും സിദ്ധിഖും തെങ്കാശിപട്ടണത്തിൽ ലാലും സലീം കുമാറുമെല്ലാം ഉള്ളത് കൊണ്ടാണ് എനിക്ക് മോശമാവാതെ കോമഡി ചെയ്യാൻ കഴിഞ്ഞത്,’സുരേഷ് ഗോപി പറയുന്നു.
Content Highlight: Suresh Gopi Talk About Minnal Prathapan Character In Manu Uncle Movie