ഗോകുല്‍ ഫൈന്‍ ആക്ടറാണ്, പക്ഷെ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നാണ് ജോഷി അന്ന് എന്നോട് പറഞ്ഞത്: സുരേഷ് ഗോപി
Entertainment news
ഗോകുല്‍ ഫൈന്‍ ആക്ടറാണ്, പക്ഷെ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നാണ് ജോഷി അന്ന് എന്നോട് പറഞ്ഞത്: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 10:04 am

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. ജോഷിയാണ് പാപ്പന്‍ സംവിധാനം ചെയ്യുന്നത്. ഗോകുല്‍ സുരേഷിനെ കുറിച്ച് ജോഷി പറഞ്ഞ കാര്യങ്ങള്‍ പറയുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.

പാപ്പന്‍ സിനിമയുടെ ഭാഗമായി നല്‍കിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണെന്നും പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നുമാണ് ജോഷി സുരേഷ് ഗോപിയോട് പറഞ്ഞത്.

‘പാപ്പന്‍ സിനിമയുടെ പ്ലാനിങ് നടക്കുന്നതിന് മുന്‍പ് 2020ല്‍ ഞാന്‍ ജോഷിയേട്ടനെ കാണുമ്പോള്‍ എന്നോട് പറഞ്ഞു, ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്. പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം. അന്ന് ഗോകുലിന് ജോഷി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഒരു ചിന്തയുമില്ലായിരുന്നു.

പാപ്പനെ കുറിച്ചും ചിന്തിച്ചിട്ടില്ല. പാപ്പന്‍ ജോഷിയേട്ടന്‍ കേട്ടിട്ടുമില്ല. ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത് ഗോകുല്‍ കൃത്യമായ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നാണ്.

ഞാന്‍ ധ്രുവത്തില്‍ എങ്ങനെ പോയി ലാന്‍ഡ് ചെയ്‌തോ അത് പോലെയാണ് ഗോകുല്‍ പാപ്പാനിലെത്തുന്നത്. റിസള്‍ട്ടും അത് പോലെയാവണേ എന്ന് പ്രാര്‍ത്ഥിക്കാം,’ സുരേഷ് ഗോപി പറഞ്ഞു.

നൈല ഉഷ, ജോഷി, ഗോകുല്‍ സുരേഷ് എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.

കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Suresh Gopi says that Joshi told him that Gokul is a fine actor, but needs to be in the right hands