കാരവനില്‍ കയറിയതിന് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു; എ.സി റൂം തന്നിട്ടും റിമോട്ട് എടുത്തുകൊണ്ട് പോയി: സുരഭി ലക്ഷ്മി
Entertainment
കാരവനില്‍ കയറിയതിന് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു; എ.സി റൂം തന്നിട്ടും റിമോട്ട് എടുത്തുകൊണ്ട് പോയി: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2024, 7:58 am

സിനിമ മേഖലയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. 2005 മുതല്‍ താന്‍ സിനിമയില്‍ ഉണ്ടെന്നും പേരില്ലാതെ ഒരുപാട് ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സുരഭി പറയുന്നു. ആദ്യകാലങ്ങളില്‍ കാരവാന് സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തുണി മറച്ചു കെട്ടിയാണ് വസ്ത്രം മാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എ.സി റൂം തന്നിട്ടും അതിന്റെ റിമോട്ട് എടുത്ത് കൊണ്ടുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാരവാന് ഉള്ളില്‍ എന്താണെന്ന് പോലും തനിക്കറിയില്ലായിരുന്നെന്നും പറഞ്ഞ സുരഭി ഒരിക്കല്‍ കാരവാനില്‍ കയറിയതിന് അതിന്റെ ഡ്രൈവര്‍ ചീത്ത പറഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. അസിസ്റ്റന്റ് ഡയറക്ടേഴ്സും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ടെന്നും സുരഭി പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍ ഒരുപാട് ചര്‍ച്ചകള്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വളരെ പോസിറ്റീവായിട്ടാണ് ഇതിനെ നോക്കിക്കാണുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ജോലി സ്ഥലം എന്ന് പറയുന്നത് ഓരോ ദിവസവും വ്യത്യസ്തമാണ്. ഓഫീസ് പോലെ ഒരിടമല്ല അത്. അതുകൊണ്ട് തന്നെ എല്ലാ തൊഴിലിടങ്ങളിലും നിയമങ്ങള്‍ കൊണ്ടുവരുന്നത് പോലെയല്ല സിനിമയില്‍.

2005 മുതല്‍ ചെറിയ വേഷങ്ങളിലൂടെ ഞാന്‍ സിനിമയിലുണ്ട്. പേരില്ലാത്ത ഒരുപാട് ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. കാരവന്‍ സൗകര്യങ്ങള്‍ ഒന്നും അന്നില്ല. തുണി മറച്ചു കെട്ടിയൊക്കെയാണ് വസ്ത്രം മാറിയിരുന്നതൊക്കെ. ബാത്റൂമില്‍ പോകാന്‍ വൈകുന്നേരം വരെ കാത്തിരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എ.സി മുറി തന്നിട്ടും അതിന്റെ റിമോട്ട് എടുത്തുകൊണ്ടുപോയ സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ട്. കൃത്യമായി വണ്ടികള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു.

കാരവന്‍ വരുന്ന സമയത്ത് പോലും അതിന്റെ ഉള്ളില്‍ എന്താണെന്ന് അറിയില്ലായിരുന്നു. ഒരു തവണ ഷൂട്ടിനിടയില്‍ ഒരുപാട് മഴയൊക്കെ നനഞ്ഞപ്പോള്‍, കാരവാനില്‍ കയറേണ്ടി വന്നു. അന്ന് കാരവന്‍ ഡ്രൈവറില്‍ നിന്ന് കണ്ണ് പൊട്ടുന്ന ചീത്ത കേട്ടിട്ടുണ്ട്. കാരവന്‍ ഉപയോഗിക്കാന്‍ എന്നെങ്കിലും അവസരം കിട്ടുമെന്നാണ് അന്ന് ഓര്‍ത്തത്.

അസിസ്റ്റന്റ് ഡയറക്ടേഴ്സിനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അത്രയധികം ജോലികള്‍ ഉണ്ടായാലും കൃത്യമായി ശമ്പളം കിട്ടുന്നുണ്ടാവില്ല. അവസരം കൊടുത്തു എന്നതിന് ഔദാര്യം പോലെ അവരോട് പെരുമാറുന്നതായി തോന്നിയിട്ടുണ്ട്,’ സുരഭി ലക്ഷ്മി പറയുന്നു.

Content Highlight: Surabhi Lakshmi Talks About Her Experience In Film Industry