Kerala News
ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്ക് വായ്പ അനുവദിച്ചതിലെ ക്രമക്കേട്; ചളവറ കുബേര ക്ഷേത്രവും ജപ്തി ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 06:05 am
Sunday, 30th March 2025, 11:35 am

പാലക്കാട്: പാര്‍ട്ടി നേതാവിന്റെ കുടുംബാംഗങ്ങള്‍ക്ക് വായ്പ അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ചളവറയിലെ കുബേര ക്ഷേത്രവും ജപ്തി ചെയ്തു. സി.പി.എം ഭരണത്തിലിരിക്കുന്ന ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നാണ് പാര്‍ട്ടി നേതാവിന്റെ കുടുംബത്തിലുള്ളവര്‍ക്ക് 7.70 കോടി രൂപ വായ്പ അനുവദിച്ചത്.

പിന്നാലെ വായ്പ അനുവദിച്ചതില്‍ 2024ല്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. സ്ഥലത്തിന്റെ മൂല്യം കണക്കാക്കാതെ ബാങ്ക് വായ്പ നല്‍കിയെന്നായിരുന്നു കണ്ടെത്തിയത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ കുബേര ക്ഷേത്രം ജപ്തി ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായാണ് ജപ്തി നടന്നത്. ബാങ്കിന് ഈടായി നല്‍കിയ ചളവറയിലെ പാലാട്ട് പാലസ് കെട്ടിടവും സ്ഥലങ്ങളുമാണ് കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി ജപ്തി നേരിട്ടത്.

ആദ്യഘട്ടത്തില്‍ ഈടായി നല്‍കിയ പാലാട്ട് ജയകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും പിന്നീട് പാലാട്ട് പാലസ് കെട്ടിടത്തിന്റെ ഒരു ഭാഗവുമാണ് ജപ്തി ചെയ്തത്. മൂന്നാം ഘട്ടത്തില്‍ സര്‍വൈശ്വര്യത്തിനായി കുബേരയാഗം നടന്ന കുബേര ക്ഷേത്രം ഉള്‍പ്പെടുന്ന സ്ഥലങ്ങളും ജപ്തി ചെയ്തു. 2022 ഏപ്രില്‍ 17നാണ് കുബേരയാഗം നടന്നത്. ശേഷം ജയകൃഷ്ണന്റെ കുടുംബം കടക്കെണിയില്‍ വീഴുകയായിരുന്നു.

വായ്പ നല്‍കി നാല് വര്‍ഷം പിന്നിട്ടിട്ടും തിരിച്ചടവ് നടക്കാതെ വന്നതോടെ അധികൃതര്‍ ജപ്തി നടപടി സ്വീകരിച്ചത്. പാലാട്ട് ജയകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് സ്വത്തുക്കളാണ് ബാങ്ക് ജപ്തി ചെയ്തത്.

ഏഴ് കോടിയിലധികം വരുന്ന വായ്പയില്‍ ഒറ്റ തവണ മാത്രമാണ് തിരിച്ചടവ് നടന്നിട്ടുള്ളത്. 70 ലക്ഷം രൂപ വീതം 11 വായ്പകളായി 7.70 കോടി രൂപയാണ് ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്ക് വായ്പ അനുവദിച്ചത്.

വായ്പ അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതോടെ നടപടി എടുക്കാന്‍ സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വം ബാങ്കിലെ ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം തുടരുകയാണ്. സി.പി.ഐ.എം ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മറ്റിയംഗം രാജേഷിന്റെ ഭാര്യാ പിതാവാണ് പാലാട്ട് ജയകൃഷ്ണന്‍.

Content Highlight: Irregularities in granting loans from Shoranur Urban Bank; Chalavara Kubera temple also seized