Kerala News
അണികള്‍ക്കൊപ്പം ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാക്കള്‍ വരെ എമ്പുരാനെതിരെ ഭീഷണി ഉയര്‍ത്തുന്നു: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 06:33 am
Sunday, 30th March 2025, 12:03 pm
സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് എമ്പുരാന്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അണികള്‍ മാത്രമല്ല ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാക്കള്‍ വരെ സിനിമക്കെതിരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ (ശനി) കുടുംബസമേതം മുഖ്യമന്ത്രി പിണറായി വിജയന്‍ എമ്പുരാന്‍ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ സംഘപരിവാര്‍ വ്യാപകമായി വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്.

രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ എമ്പുരാന്റെ റീസെന്‍സറിങിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. വര്‍ഗീയതക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്ക് സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും

ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംഘപരിവാറിന് എപ്പോഴും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്നവ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് അവര്‍ കരുതുന്നതെന്നും പറഞ്ഞു.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണെന്നും ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമായി കണക്കാക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Content Highlight: Along with the ranks, even BJP and RSS leaders are raising threats against Empuran: Chief Minister