96 എന്ന സിനിമയിലെ തൃഷയുടെ ചെറുപ്പ കാലം അവതരിപ്പിച്ചു കൊണ്ടാണ് ഗൗരി കിഷൻ സിനിമാരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. അനുഗ്രഹീതൻ ആൻ്റണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് വന്നത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ ഗൗരി കഴിഞ്ഞ മാസം ജിയോ ഹോട്ട് സ്റ്റാറിലൂടെ പുറത്തിറങ്ങിയ ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ്സീരിസിലും പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചു.
ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി.
മണിച്ചിത്രത്താഴാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നും ആ സിനിമ കണ്ടതിന് കണക്കില്ലെന്നും പറയുകയാണ് ഗൗരി. സി.ഐ.ഡി മൂസയും തൻ്റെ ഇഷ്ടപ്പെട്ട സിനിമയാണെന്നും രണ്ടു സിനിമകളും ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ഗൗരി പറയുന്നു. അനുരാഗം ചെയ്യുന്ന സമയത്ത് തനിക്ക് ഇഷ്ടപ്പെട്ട സിനിമ സി.ഐ.ഡി മൂസയാണെന്ന് ജോണി ആൻ്റണിയോട് പോയി പറയുമായിരുന്നുവെന്നും ഗൗരി പറയുന്നു.
റെഡ് എഫ്. എമ്മിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്.
‘മണിച്ചിത്രത്താഴാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള ചിത്രം. ആ സിനിമ കണ്ടതിന് ഒരു കണക്കില്ല. സി.ഐ.ഡി മൂസയും മണിച്ചിത്രത്താഴുമൊക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ജോണി ആൻ്റണി സാറിൻ്റെ കൂടെ അനുരാഗം ഒക്കെ ചെയ്ത സമയത്ത് ഞാൻ എപ്പോഴും പോയി പറയും സി.ഐ.ഡി മൂസയാണ് എൻ്റെ ഫേവറൈറ്റ് പടം എന്ന്,’ ഗൗരി കിഷൻ പറയുന്നു.
1993ൽ ഫാസിലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യ കഥാപാത്രത്തിനെ അവതരിപ്പിച്ചത്.
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ സിനിമയാണ് സി.ഐ.ഡി മൂസ.
Content Highlight: Gouri Kishan Talking about Her Favorite Movie