Entertainment news
ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ഗോസിപ്പ് ഇതാണ്; വീട്ടില്‍ എന്നോട് സംസാരിക്കാന്‍ പോലും അമ്മക്ക് പേടിയാണ്: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 20, 01:47 pm
Wednesday, 20th April 2022, 7:17 pm

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ സ്വന്തം അഭിനേത്രിയാണ് സുരഭി ലക്ഷ്മി. നിരവധി കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം കൂടിയാണ് സുരഭി.

താന്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഗോസിപ്പിനെക്കുറിച്ചും ആര്‍ക്കും അറിയാത്ത തന്റെ സ്വഭാവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ സുരഭി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ ഇന്റര്‍വ്യൂവിലായിരുന്നു താരം രസകരമായ മറുപടികള്‍ പറഞ്ഞത്.

കേള്‍ക്കാന്‍ ഏറ്റവും ആഗ്രമുള്ള ഗോസിപ്പ് എന്താണ് എന്ന ചോദ്യത്തിന് ”എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം,” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സുരഭി ലക്ഷ്മിയുടെ മറുപടി.

തന്നെക്കുറിച്ച ആര്‍ക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിന്, കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും എന്നാല്‍ താന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നും സുരഭി പറഞ്ഞു.

”ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആണ്. പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകള്‍ വിചാരിക്കും. പക്ഷെ, വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ഭയങ്കര സീരിയസായിട്ടുള്ള ഒരാളാണ്.

ശരിക്കും പറഞ്ഞാല്‍ അമ്മക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്. എന്റെ ദൈവമേ. കാരണം എല്ലാ പ്രഷറും കാരണം ഞാന്‍ പൊട്ടിത്തെറിക്കുന്ന സ്ഥലം അവിടെയാണ്. നിങ്ങക്കൊന്ന് മനസിലാക്കിക്കൂടേ, എന്നാണ് ഞാന്‍ പലപ്പോഴും ചോദിക്കുക. പിന്നെ ഞാന്‍ വിചാരിക്കും, അമ്മക്ക് എന്നെ മനസിലാകും, എന്ന്.

പിന്നെ ഞാന്‍ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ്. അവരെന്ത് പിഴച്ചു, എന്ന് ഞാന്‍ വിചാരിക്കും. നമ്മള്‍ എന്ത് പറഞ്ഞാലും നമ്മളെ വിട്ട് പോകാത്ത ഒരാള്‍ എന്നതുകൊണ്ടാണ് അമ്മയോട് എപ്പോഴും ചൂടാകുന്നത്,” സുരഭി ലക്ഷ്മി പറഞ്ഞു.

അനൂപ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പത്മ എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയാണ്.

Content Highlight: Surabhi Lakshmi about the gossip she wants to hear and about her character