മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഷൈനി സാറ. 1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയില്‍ അസിസ്റ്റന്റായാണ് ഷൈനി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
2016ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലും ഷൈനി അഭിനയിച്ചിരുന്നു.
ആ സിനിമയിലൂടെയാണ് ഷൈനിയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ കാതല്‍ ഉള്‍പ്പെടെയുള്ള സിനിമകളിലും നടി പ്രവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് ഷൈനി സാറ. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ബറോസിനെ കുറിച്ച് ചോദിച്ചാല്‍, ലാല്‍ സാര്‍ സംവിധാനം ചെയ്ത ആദ്യ പ്രോജക്ടിന്റെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. അതാണ് കഴിഞ്ഞ വര്‍ഷത്തെ എന്റെയൊരു സന്തോഷം.
അതില്‍ പ്രധാനവേഷത്തില്‍ എത്തിയ മായ റാവുവിന് മലയാളം അറിയില്ലായിരുന്നു. ട്രൈനിങ് കൊടുക്കാനായിരുന്നു എന്നെ വിളിച്ചത്. എന്റെ ഗുരുകൂടിയായ ജയപ്രകാശ് കുളൂര്‍ സാറാണ് ആ ജോലി എന്നെ ഏല്‍പ്പിക്കുന്നത്. സാറിനെ അസിസ്റ്റ് ചെയ്താണ് ഞാന്‍ നിന്നത്.
ലാല്‍ സാര്‍ പേരിന് വേണ്ടി ചെയ്യുന്നതാണോ എന്നൊക്കെ ചുറ്റുമുള്ളവര്‍ എന്നോട് സംശയം പറഞ്ഞിരുന്നു. പക്ഷേ അതങ്ങനെ യല്ല. ലാല്‍ സാറിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു.
എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തില്‍ നല്ലൊരു നടന്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയുണ്ടെന്ന് തെളിയിച്ചു. ആ സെറ്റില്‍ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് സന്തോഷം തോന്നി,’ ഷൈനി സാറ പറയുന്നു.
Content Highlight: Shiny Sarah Talks About Mohanlal And Barroz Movie