മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവവേഷങ്ങളും മഞ്ജു പിള്ളയെ തേടിയെത്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന സിറ്റ്‌കോം സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
തന്റെ കരിയറില്‍ നഷ്ടമായ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. ചില സിനിമകള്‍ കാണുമ്പോള്‍ അതില്‍ അവസരം ലഭിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കാറുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു. എന്നാല്‍ അത് ആലോചിച്ച് സങ്കടപ്പെടാറില്ലെന്നും അതിനെക്കാള്‍ മികച്ച അവസരങ്ങള്‍ തേടിവരുമെന്ന് ഉറപ്പായിരുന്നെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു.
ചില സിനിമകളില്‍ ആദ്യം തന്നെ കാസ്റ്റ് ചെയ്തിരുന്നെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്ന് പലരും തന്നെ ഒഴിവാക്കിയിരുന്നെന്നും ചിലര്‍ പറഞ്ഞ് താന്‍ അറിഞ്ഞെന്നും മഞ്ജു പിള്ള പറഞ്ഞു. എന്നാല്‍ അത് സത്യമാണോ എന്ന് തനിക്ക് അറിയാത്തതിനാല്‍ പോയി ചോദിച്ചിട്ടില്ലെന്നും മഞ്ജു പിള്ള പറയുന്നു. സത്യം എന്താണെന്ന് അറിയാതെ പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു.
അതുപോലെ താന്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ ഒരു നടന്‍ ആ പ്രൊജക്ടില്‍ നിന്ന് ഒഴിവായെന്നും മഞ്ജു പിള്ള പറഞ്ഞു. ഇത് മൂന്നുനാല് തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്നും ആ നടന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമാണെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു. തനിക്ക് അതില്‍ പരിഭവമില്ലെന്നും താന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും മഞ്ജു പിള്ള പറഞ്ഞു. വണ്‍ ടു ടോക്ക്‌സില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.
‘ചില സിനിമകള്‍ കാണുമ്പോള്‍ അതിലെ ക്യാരക്ടര്‍ കണ്ടിട്ട് എനിക്ക് അത് ചെയ്യാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, അത് ആലോചിച്ച് ഒരിക്കലും സങ്കടപ്പെടാറില്ല. നമുക്ക് കിട്ടാനുള്ളത് എന്തായാലും കിട്ടും. അതിനെക്കാള്‍ നല്ല അവസരം കിട്ടുമെന്ന് ഉറപ്പായിരുന്നു. ചില പടത്തില്‍ നമ്മളെ ആദ്യം കാസ്റ്റ് ചെയ്തിട്ട് അവസാന നിമിഷം നമ്മളെ മാറ്റിയിട്ടുണ്ടെന്ന് ചിലര്‍ എന്നോട് പറഞ്ഞു. പ്രൊഡക്ഷന്‍ സൈഡിന്‌റെ തീരുമാനമോ അല്ലെങ്കില്‍ വേറെ ആരുടെയെങ്കിലും തീരുമാനമോ ആയിരിക്കും.
അവര്‍ പറഞ്ഞതിനും ഞാന്‍ കേട്ടതിനും ഇടയിലായിരിക്കും ചിലപ്പോള്‍ അതിന്റെ സത്യാവസ്ഥ. അത് അറിയാതെ പ്രതികരിക്കാന്‍ എനിക്ക് താത്പര്യമില്ല. അതുപോലെ, ഞാനാണ് കൂടെ അഭിനയിക്കുന്നതെന്ന് അറിയുമ്പോള്‍ ഒരു നടന്‍ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഇത് മൂന്നുനാല് തവണ അയാള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും ആ നടന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. എനിക്കതില്‍ പരിഭവമില്ല. കാരണം ഞാന്‍ വിശ്വസിക്കുന്നത് കര്‍മയിലാണ്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai about the chances she missed in cinema industry