ഗസ: കിഴക്കന്‍ ജെറുസലേമില്‍ യു.എന്‍ ഏജന്‍സിയായ അനര്‍വ (യു.എന്‍.ആര്.ഡബ്ല്യു.എ)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് സ്കൂളുകള്‍ അടച്ചുപൂട്ടി ഇസ്രഈല്‍. ജെറുസലേമിലെ ഷുവാഫത്ത്, സില്‍വാന്‍, സുര്‍ ബഹെര്‍, വാദി അല്‍-ജോസ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ ബലപ്രയോഗത്തിലൂടെ പൂട്ടിച്ചതായി യു.എന്‍.ആര്.ഡബ്ല്യു.എ പറഞ്ഞു.
ഇസ്രഈല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്കൂളുകള്‍ അടച്ചുപൂട്ടിയത്. 30 ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ പൂര്‍ണമായും അടച്ചുപൂട്ടണമെന്നും ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇസ്രഈലിന്റെ നടപടിയുടെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെടും അനര്‍വ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറക്ടര്‍ അബിര്‍ ഇസ്മായില്‍ പറഞ്ഞു.
ഇസ്രഈലിന്റെ തീരുമാനം നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. നേരത്തെ ഗസയിലെ അടക്കം അനര്‍വയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഇസ്രഈല്‍ നിയമനിര്‍മാണം നടത്തിയിരുന്നു.
ഒക്ടോബര്‍ 29ന് ഇസ്രഈല്‍, ഗസ, വെസ്റ്റ് ബാങ്ക് എന്നീ സ്ഥലങ്ങളില്‍ യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കുന്ന നിയമമാണ് നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയത്. ഇതിനുപിന്നാലെ യു.എന്‍ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നും ഇസ്രഈല്‍ അറിയിച്ചു.
ഗസയിലെ പ്രവര്‍ത്തനങ്ങള്‍ തടയുക, ഏജന്‍സിയുമായുള്ള ബന്ധം വിച്ഛേദിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഇസ്രഈല്‍ നിയമം പാസാക്കിയത്. പിന്നാലെ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനവും പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമവും 20 ലക്ഷത്തിലേറെ ഫലസ്തീന് പൗരന്മാരെ ബാധിക്കുമെന്ന് അനര്‍വയുടെ അന്താരാഷ്ട്ര കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ജൂലിയറ്റ് തൗമ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിലുള്ള ഇസ്രഈലിന്റെ ഉത്തരവുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രാദേശിക അധികാരപരിധികളില്‍ നിന്ന് യു.എന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന നിയമങ്ങളുടെയും ലംഘനമാണെന്ന് അനര്‍വ മേധാവി ഫിലിപ്പ് ലസാരിനി പ്രതികരിച്ചു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന ഹമാസിന്റെ പ്രത്യാക്രമണത്തില്‍ അനര്‍വ പങ്കാളികളാണെന്ന് നെതന്യാഹു സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന യു.എന്‍ വാഹനവ്യൂഹത്തെ പോലും ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രഈല്‍ സൈന്യം ആക്രമിച്ചിരുന്നു.
കണക്കുകള്‍ പ്രകാരം ഏകദേശം 750,000 ഫലസ്തീനികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. എന്നാല്‍ അനര്വക്കെതിരായ ഇസ്രഈല്‍ നടപടികള്‍ ഫലസ്തീനിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന് യു.എന്നും ലോകരാജ്യങ്ങളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: Israel closes six schools run by UN agency in Jerusalem