പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സലാർ. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സലാർ പ്രശാന്ത് നീലിന്റെ പടമാണെന്നും തനിക്ക് പൃഥ്വിയുടെ അഭിനയമാണ് ഇഷ്ടമായതെന്നും സിനിമ കണ്ടിറങ്ങിയ സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സുപ്രിയ മേനോൻ.
എമ്പുരാൻ സലാറിനേക്കാൾ വലിയ സിനിമയാകുമോ എന്ന ചോദ്യത്തിന് അത് എമ്പുരാന്റെ സംവിധായകനോട് ചോദിക്കണമെന്നായിരുന്നു സുപ്രിയയുടെ മറുപടി.
‘അതേ, ഇത് എമ്പുരാന്റെ ഡയറക്ടറുടെ അടുത്ത് ചോദിക്കണം. ഞാനൊരു പ്രേക്ഷയായിട്ട് വന്ന് സിനിമ കണ്ടതാണ്. ആന്റണി പെരുമ്പാവൂരിനെയോ മോഹൻലാൽ സാറിനെയോ നേരിൽ കാണുമ്പോൾ ചോദിക്കുക. ഇത് എന്നോട് ചോദിക്കേണ്ട ചോദ്യമല്ല,’ സുപ്രിയ പറഞ്ഞു.
സലാറിന് ഭീഷണിയായിട്ട് നേരിനെ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എത്ര സിനിമ എല്ലാവരും കാണുന്നുണ്ട് എന്നായിരുന്നു സുപ്രിയയുടെ മറുപടി. നേര് കാണുന്നവർ സലാർ കാണാതിരിക്കണമെന്നില്ലെന്നും ആളുകൾ അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണുമെന്നും സുപ്രിയ പറഞ്ഞു. ‘എത്ര സിനിമ എല്ലാവരും കാണുന്നുണ്ട്. സലാർ കണ്ടവർ നേര് കാണില്ല എന്ന് ഉണ്ടോ. ആളുകൾ അവർക്ക് എന്താണ് ഇഷ്ടം, അത് അവർ വന്ന് കാണുന്നു. ചിലപ്പോൾ എല്ലാം കാണും. ഞാൻ നേര് കണ്ടിട്ടില്ല.
പക്ഷേ ഞാൻ നല്ല റെസ്പോൺസ് ആണ് ചിത്രത്തിന് കേൾക്കുന്നത്. അത് കേൾക്കുമ്പോൾ എനിക്ക് നല്ല സന്തോഷമുണ്ട്. ഇതെല്ലാം നമ്മുടെ ഫാമിലിയാണ്, മോഹൻലാൽ സാർ ആണെങ്കിലും ജീത്തുവാണെങ്കിലും എല്ലാം. ഒരു സിനിമ നല്ല രീതിയിലേക്ക് മുന്നോട്ടുപോകുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്,’ സുപ്രിയ പറഞ്ഞു.
സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജെത്തുന്നത്. ശ്രുതി ഹാസൻ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നൽകുന്ന ചിത്രമാണ് സലാർ.
Content Highlight: Supriya menon about Empuran movie