Advertisement
national news
ഇതവള്‍ സ്വയം ക്ഷണിച്ച് വരുത്തിയതെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം: രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 12:02 pm
Tuesday, 15th April 2025, 5:32 pm

ന്യൂദല്‍ഹി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന അലഹബാദ് ഹൈക്കോടതി നിരീക്ഷണത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി നിരീക്ഷണത്തെ സുപ്രീം കോടതി വിമര്‍ശിച്ചു.

ജഡ്ജിമാര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സമീപനത്തില്‍ സംവേദന ക്ഷമത പുലര്‍ത്തണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു കോടതി എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചു വലിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയെച്ചൊല്ലി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പ്രതിക്ക് ജാമ്യമനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പെടുമെന്നും എന്നാല്‍ കേസുകളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ജഡ്ജിമാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് അതിക്രമത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയ കോടതി ഉഭയസമ്മത പ്രകാരമുള്ള ലൈഗിക ബന്ധമാണെന്ന പ്രതിയുടെ വാദം ശെരിവെച്ച് അയാള്‍ക്ക് ജാമ്യവും അനുവദിച്ചിരുന്നു.

ഇരയുടെ ആരോപണം സത്യമാണെന്ന് അംഗീകരിച്ചാല്‍പോലും ഇത്തരമൊരു സംഭവം അവള്‍ ക്ഷണിച്ചുവരുത്തിയതാണെന്നും അതിനാല്‍ അവള്‍ തന്നെയാണ് ഉത്തരവാദിയെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞിരുന്നു.

ഹൈക്കോടതിയുടെ പ്രതികരണത്തിന് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്വമേധയാ സ്റ്റേ ചെയ്തിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

2025 മാര്‍ച്ച് 17നായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നതോ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര എത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവന്‍, ആകാശ് എന്നിവര്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കേസ് പ്രകാരം, പ്രതികള്‍ 11 വയസുള്ള പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുകയും ആകാശ് എന്ന പ്രതി പെണ്‍കുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ട വഴിയാത്രക്കാര്‍ ഇടപെട്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ ഇവര്‍ക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.

മാര്‍ച്ച് 26ന്, ജസ്റ്റിസുമാരായ ഗവായിയും മാസിഹും അടങ്ങുന്ന ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതിയുടെ വീക്ഷണത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ‘അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം അസഹിഷ്ണുതയുണ്ടാക്കുന്നതും നിലനില്‍ക്കാത്തതുമാണെന്ന് സുപ്രീം കോടതി പറയുകയുണ്ടായി.

Content Highlight: Supreme Court strongly criticizes Allahabad High Court’s remark that she invited this herself