ന്യൂദൽഹി: സംസ്ഥാനത്ത് വംശീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോ ടേപ്പുകളിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ആരോപണവിധേയമായ ടേപ്പുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് നൽകിയ റിട്ട് ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെട്ടത്.
ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സമ്പൂർണ്ണ സ്വതന്ത്ര ഫോറൻസിക് സയൻസ് ലാബായ ട്രൂത്ത് ലാബ്സ് ആണ് ഓഡിയോ ക്ലിപ്പുകൾ പരിശോധിച്ചതെന്ന് കുക്കി സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ക്ലിപ്പുകളിലെ ശബ്ദം ബിരേൻ സിങ്ങിൻ്റെ ശബ്ദവുമായി 93 ശതമാനം പൊരുത്തപ്പെടുന്നതായി ലാബ് റിപ്പോർട്ട് ചെയ്തു.
അടച്ചിട്ട മുറിക്കുള്ളിലാണ് മീറ്റിങ് നടന്നതെന്നും അവിടെനിന്നുള്ള റെക്കോർഡിങ് ആണ് ലഭിച്ചതെന്നും ഭൂഷൺ കോടതിയെ അറിയിച്ചു. അതിൽ മെയ്തി സമുദായത്തിന് അറസ്റ്റിൽ നിന്ന് സംരക്ഷണം ഉറപ്പുനൽകിയതായും സംസ്ഥാനത്തിന്റെ ആയുധശേഖരത്തിൽ നിന്ന് ആയുധങ്ങൾ മോഷ്ടിക്കാൻ അവരെ അനുവദിച്ചതായും മുഖ്യമന്ത്രി പറയുന്നത് കേൾക്കാം.
ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കുന്ന ഏതൊരു സർക്കാർ ഏജൻസിയേക്കാളും ട്രൂത്ത് ലാബ്സ് റിപ്പോർട്ട് വിശ്വസനീയമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2024 നവംബറിൽ, അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഡിയോ ക്ലിപ്പുകളുടെ ആധികാരികത തെളിയിക്കുന്ന വസ്തുക്കൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കുക്കി സംഘടന ട്രൂത്ത് ലാബ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
2023 ൽ ഔദ്യോഗിക ഗോത്രപദവി നൽകണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ കുക്കി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവർഗമായി അംഗീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കുക്കികൾ ഇതിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. പിന്നാലെ അത് വർഗീയ കലാപമായി മാറുകയും ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയും ചെയ്തു.
Content Highlight: Supreme Court seeks forensic report on alleged Biren Singh audio clip on Manipur violence: Report