ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
മൂന്നംഗ അന്വേഷണ സമിതിയും ഈ സമിതിയെ സഹായിക്കാന്‍ ഒരു സാങ്കേതിക സമിതിയും എന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘടന.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. മുന്‍ ഐ.പി.എസ് ഓഫീസര്‍ അലോക് ജോഷി, ഡോ. സന്ദീപ് ഒബ്‌റോയ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ഇവരെ സഹായിക്കുന്ന സാങ്കേതിക സമിതിയിലും മൂന്നംഗങ്ങളായിരിക്കും ഉണ്ടാകുക.
ഗുജറാത്ത് ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല ഡീന്‍, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ് വിഭാഗം പ്രൊഫസര്‍.
ഡോ. പി. പ്രഭാകരന്‍,
കേരള അമൃത വിശ്വ വിദ്യാപീഠം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ പ്രൊഫസര്‍.
ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ
ബോംബെ ഐ.ഐ.ടി കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ വിധി പറഞ്ഞത് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു.
പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതിവിധിയില്‍ പറഞ്ഞത്. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തിയത്. ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിര്‍മാതാക്കള്‍.
ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി, ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
എന്നാല്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രം അംഗീകരിച്ചിട്ടില്ല. വിവാദം കെട്ടിച്ചമച്ചതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.