തിരുവനന്തപുരം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കു പോകുന്നതിന് പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി സുരക്ഷാ ചിലവായി 15ലക്ഷം നല്‍കണമെന്ന് നിര്‍ദേശിച്ച കര്‍ണാടക സര്‍ക്കാറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇത്ര ഭീമമായ തുക എന്തിനാണെന്നു ചോദിച്ച കോടതി ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിനോടു ആവശ്യപ്പെടുകയായിരുന്നു.
ഒരു എ.സി.പിക്ക് 8000രൂപ എന്ന നിലയിലാണ് മഅ്ദനിക്ക് സുരക്ഷ നല്‍കുന്ന ഉദ്യോഗസ്ഥന് പ്രതിഫലമായി നല്‍കുന്നതെന്നും അതുകൊണ്ടാണ് ഇത്ര വലിയ ചിലവു വന്നതെന്നുമാണ് കര്‍ണാടക സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്.
എന്നാല്‍ ഈ നിലപാടിനെ കോടതി വിമര്‍ശിച്ചു. സുരക്ഷ നല്‍കുകയെന്നത് പൊലീസുകാരന്റെ ഡ്യൂട്ടിയുടെ ഭാഗമാണെന്നും അതിന് പ്രത്യേക പ്രതിഫലം നല്‍കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും കോടതി ആരാഞ്ഞു. പൊലീസുകാരന് ടി.എയും ഡി.എയും മാത്രം അധികമായി നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.
അതിനിടെ മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷാ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന കേരളത്തിന്റെ നിലപാടിനെ കോടതി എതിര്‍ത്തു. കര്‍ണാടക പൊലീസിനാണ് മഅ്ദനിയുടെ സുരക്ഷ ചുമതല. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ കേരള സര്‍ക്കാര്‍ സഹായിക്കേണ്ടതുള്ളൂവെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലേക്കുള്ള യാത്രയുടെ സുരക്ഷയ്ക്കായി 15ലക്ഷം രൂപ ചിലവിനത്തില്‍ നല്‍കണമെന്ന കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തുക കുറച്ചുതരണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്.