ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു; ബോളിവുഡ് ചിത്രം ഹമാരേ ബാരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി
indian cinema
ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു; ബോളിവുഡ് ചിത്രം ഹമാരേ ബാരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 4:22 pm

ബോളിവുഡ് ചിത്രം ഹമാരേ ബാരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി. സിനിമ ഇസ്‌ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്‌ലിം സ്ത്രീകളെയും അവഹേളിക്കുന്നു എന്ന പേരില്‍ നല്‍കിയ ഹരജിയിലാണ് ഇത്.

അന്നു കപൂറിന്റെ ഹമാരേ ബാരാ ജൂണ്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഒരു ദിവസം മുമ്പ് സുപ്രീം കോടതി സ്റ്റേ ചെയ്യുന്നത്. ഹരജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

വിക്രം നാഥ്, സന്ദീപ് മേത്ത എന്നീ ജസ്റ്റിസുമാര്‍ അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്താല്‍ അതുവഴി നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന് നിര്‍മാതാക്കളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

ടീസര്‍ ഇത്രയും ഒഫന്‍സീവാണെങ്കില്‍ ആ സിനിമ എന്താകുമെന്നാണ് കോടതി ചോദിച്ചത്. ബോബൈ ഹൈകോടതിയിലെ ഹരജിയില്‍ തീരുമാനമാകുന്നത് വരെയാണ് ഈ സിനിമ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ഹമാരേ ബാരായുടെ റിലീസും സംപ്രേഷണവും മുമ്പ് കര്‍ണാടക സര്‍ക്കാരും തടഞ്ഞിരുന്നു. സിനിമയുടെ റിലീസിനെ ചോദ്യം ചെയ്തു കൊണ്ട് വിവിധ മുസ്‌ലിം സംഘടനകള്‍ നല്‍കിയ ഹരജിക്ക് പിന്നാലെയായിരുന്നു റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നത്.

വര്‍ഗീയ സംഘര്‍ഷം തടയാനായിരുന്നു ഒരു അറിയിപ്പ് നല്‍കുന്നത് വരെ ഹമാരേ ബാരാ പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സിനിമ തിയേറ്ററുകളിലും സ്വകാര്യ ടെലിവിഷന്‍ ചാനലുകലും മറ്റു സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെയും ട്രെയ്‌ലറിന്റെയും റിലീസ് നിര്‍ത്തി വെച്ചിരുന്നു. അതോടെ കമല്‍ ചന്ദ്ര സംവിധാനം ചെയ്ത സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlight: Supreme Court Halts Release Of Hamare Baarah Movie