'ഇതൊരു റിപ്പോര്‍ട്ടാണ്, കുറ്റകൃത്യമല്ല'; എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെയുള്ള മണിപ്പൂര്‍ പൊലീസിന്റെ കേസ് തടഞ്ഞ് സുപ്രീംകോടതി
national news
'ഇതൊരു റിപ്പോര്‍ട്ടാണ്, കുറ്റകൃത്യമല്ല'; എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെയുള്ള മണിപ്പൂര്‍ പൊലീസിന്റെ കേസ് തടഞ്ഞ് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2023, 7:22 pm

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങള്‍ക്കെതിരേയുള്ള കേസ് തടഞ്ഞ് സുപ്രീംകോടതി. സെപ്റ്റംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി മണിപ്പൂര്‍ പൊലീസിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഹരജി പരിഗണിച്ച് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് സമയം നീട്ടി നല്‍കിയത്.

എഡിറ്റേഴ്‌സ് ഗില്‍ഡിലെ അംഗങ്ങള്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും അത് കുറ്റകൃത്യമല്ലെന്നും സുപ്രീകോടതി പറഞ്ഞു.

‘ഇതൊരു റിപ്പോര്‍ട്ട് മാത്രമാണ്. അവര്‍ ചെയ്തത് അവരുടെ ജോലിയാണ്. അക്കാര്യം പറഞ്ഞാണ് അവര്‍ വാദിക്കുന്നത്. മണ്ണിലിറങ്ങി ഇവിടെ ചിലര്‍ ചെയ്തത് പോലെയുള്ള കുറ്റകൃത്യമല്ല അവര്‍ ചെയ്തത്. അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്,’ മണിപ്പൂരിനെ പ്രതിനിധീകരിച്ചെത്തിയ സോളിസിറ്റര്‍ ജനറല്‍  തുഷാര്‍ മെഹ്ത്തയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വന്തം ഇഷ്ടപ്രകാരം പോയതല്ലെന്നും വസ്തുനിഷ്ഠമായ വിവരം ശേഖരിക്കാന്‍ സൈന്യത്തിന്റെ ക്ഷണം ഉണ്ടായിരുന്നെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നേരത്തെ പറഞ്ഞിരുന്നു.

‘ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല മണിപ്പൂരിലേക്ക് പോയത്. ഞങ്ങളോട് സൈന്യം ആവശ്യപ്പെടുകയായിരുന്നു. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. എഡിറ്റേഴ്‌സ് ഗില്‍ഡിന് സൈന്യം അയച്ച കത്ത് പരിശോധിക്കൂ. പ്രാദേശിക മാധ്യമങ്ങളുടെ വസ്തുതാവിരുദ്ധമായ വാര്‍ത്തകളും പക്ഷപാതപരവുമായ റിപ്പോര്‍ട്ടിങ്ങും ചൂണ്ടിക്കാട്ടി സൈന്യം ഇ.ജി.ഐയെ ക്ഷണിക്കുകയായിരുന്നു,’ കപില്‍ സിബല്‍ പറഞ്ഞു.

തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമായ റിപ്പോര്‍ട്ടിങ്ങിലൂടെ സംസ്ഥാനത്ത് സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡിലെ നാല് പേര്‍ക്കെതിരേ മണിപ്പൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ രണ്ടിനാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മണിപ്പൂരില്‍ മെയ് മൂന്നിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ കുകി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, തെങ്‌നൗപാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായതായി എഡിറ്റേഴ്‌സ് ഗില്‍ഡ് ടീം കണ്ടെത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ 10ലധികം സംഭവങ്ങളും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇംഫാലില്‍ നിന്നുള്ള വാര്‍ത്തകള്‍ അസം റൈഫിള്‍സ് സൂക്ഷ്മ പരിശോധന നടത്തണമെന്നും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കേണ്ട സ്വതന്ത്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അടിയന്തരമായി നിര്‍ത്തണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാ പരിശോധന സമിതി ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച് വിഷം പകരുകയാണ് എഡിറ്റേഴ്‌സ് ഗില്‍ഡെന്നും നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ അവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ താന്‍ അനുവദിക്കില്ലായിരുന്നെന്നുമാണ് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ കുമാര്‍ പറഞ്ഞത്.

Content Highlights: Supreme Court blocks Manipur Police to file FIR against Editors Guild