ന്യൂദല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. തമിഴ് നാടിന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സംസ്ഥാന നിയമസഭ വീണ്ടും അംഗീകരിച്ച ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഈ മാസം ആദ്യം, 2020 മുതല്‍ തമിഴ്‌നാട് നിയമസഭ സമര്‍പ്പിച്ച 12 ബില്ലുകള്‍ 10 എണ്ണവും അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ബില്ലുകള്‍ നിരസിക്കാനുള്ള കാരണങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പിന്നീട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബില്ലുകള്‍ വീണ്ടും അംഗീകരിച്ചിരുന്നു.12 ബില്ലുകള്‍ പരിഗണിക്കുന്നതിലെ കാലതാമസത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിരുന്നു.
ഭരണഘടന ആര്‍ട്ടിക്കിള്‍ 200 പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭ പുനപരിശോധനയ്ക്ക് അയച്ച ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ബില്ലുകള്‍ അംഗീകരിക്കാതെ തടഞ്ഞു വെച്ചതുള്‍പ്പടെ വിവിധ വിഷയങ്ങളില്‍ തമിഴ്‌നാട് ഗവര്‍ണറും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ വൈകിപ്പിക്കുകയും അംഗീകരികാതിരിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതി സമീപിച്ചത്.
Content Highlight: Supreme Court asks Tamil Nadu governor to meet CM MK Stalin and resolve impasse