വിചാരണ കോടതിയെ കീഴ് കോടതികളെന്ന് വിളിക്കുന്നത് നിര്‍ത്തണം: രജിസ്ട്രിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി
supream court
വിചാരണ കോടതിയെ കീഴ് കോടതികളെന്ന് വിളിക്കുന്നത് നിര്‍ത്തണം: രജിസ്ട്രിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2024, 10:10 pm

ന്യൂദല്‍ഹി: വിചാരണ കോടതിയെ കീഴ് കോടതികള്‍ എന്ന് പരാമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് രജിസ്ട്രിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. നിലവിലെ കീഴ്ക്കോടതിയെന്ന പരാമര്‍ശം രജിസ്ട്രി നിര്‍ത്തുകയാണെങ്കില്‍ അത് ഉചിതമായ തീരുമാനം ആയിരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എ.എസ്. ഓക്ക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് ഫെബ്രുവരി 8ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം.

വിചാരണ കോടതിയുടെ റെക്കോഡുകളില്‍ കീഴ് കോടതി എന്ന പരാമര്‍ശം ഉണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു. പകരം ട്രയല്‍ കോര്‍ട്ട് എന്നുതന്നെ പരാമര്‍ശിക്കണമെന്നും കോടതി വ്യക്തമാക്കി.

1981ലെ ഒരു കൊലപാതകത്തില്‍ തങ്ങള്‍ക്കുള്ള ജീവപര്യന്ത ശിക്ഷ ശരിവെച്ചുകൊണ്ട് 2018 ഒക്ടോബറില്‍ പുറപ്പെടുവിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രണ്ട് കുറ്റവാളികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

സുപ്രീം കോടതി കേസിലെ വാദം ഓഗസ്റ്റിലേക്ക് മാറ്റിവെച്ചു. കുറ്റവാളികള്‍ക്കും ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വിചാരണ കോടതി രേഖകളുടെ സോഫ്റ്റ് കോപ്പി നല്‍കാനും ബെഞ്ച് രജിസ്ട്രിയോട് ആവശ്യപ്പെട്ടു.

വിചാരണ കോടതികളെ കീഴ് കോടതികള്‍ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ ജില്ലാ കോടതിയിലെ ജഡ്ജിമാര്‍ മറ്റു ജഡ്ജിമാരേക്കാള്‍ താഴ്ന്നവരാണെന്ന ധാരണ ഉണ്ടാവുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരും ഇതേ അഭിപ്രായം അറിയിച്ചിരുന്നു.

ആദ്യമായാണ് ഒരു ജുഡീഷ്യല്‍ ഉത്തരവിലൂടെ വിചാരണ കോടതികളെ കീഴ് കോടതികള്‍ എന്ന് വിളിക്കുന്ന രീതി നിര്‍ത്താന്‍ രജിസ്ട്രിയോട് ആവശ്യപ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Supreme Court asks registry to stop referring to trial courts as lower courts