കോഴിക്കോട്: വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമരത്തെ പട്ടയത്തിന്റെ പ്രശ്‌നമായോ ക്രമസമാധാന പ്രശ്‌നമായോ മാത്രം സമീപിക്കുന്നത് ശരിയല്ലെന്ന് സുനില്‍ പി ഇളയിടം. വടയമ്പാടിയിലേത് അടിസ്ഥാനപരമായി ദളിത് ജനവിഭാഗങ്ങളുടെയും ആദിവാസികളുടെയും വിഭവാവകാശങ്ങളുടെ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.
ജാതിയുടെ പേരില്‍ വിഭവാധികാരം കവര്‍ന്നെടുക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത, ആധുനികീകരണ സന്ദര്‍ഭത്തില്‍ വിഭവങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും ഒഴിവാക്കപ്പെട്ട, ജനവിഭാഗങ്ങളുടെ പ്രശ്‌നമാണിതെന്നും ഇളയിടം പറഞ്ഞു.
“ഇന്ത്യയിലുട നീളം പല രൂപത്തില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ദളിത് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെ പ്രേരണയും മറ്റൊന്നല്ല. ഇത്തരത്തിലുള്ള ഒരു വിശാല രാഷ്ട്രീയ പരിപ്രേക്ഷ്യത്തെ മുന്‍നിര്‍ത്തി വേണം ഈ പ്രശ്‌നത്തെ സമീപിക്കേണ്ടതും പരിഹാരം കാണേണ്ടതും.” അദ്ദേഹം പറയുന്നു.
നേരത്തെ വടയമ്പാടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ എന്‍.എസ്.എസ് സംഘം തടഞ്ഞിരുന്നു. വടയമ്പാടി സമരത്തെ കുറിച്ച സംസാരിച്ചതിന്റെ പേരില്‍ കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ കൊല്ലത്ത് ആര്‍.എസ്.എസ് അക്രമണവും നടന്നിരുന്നു.