Kerala
'വെടിവച്ച് കൊന്നും യു.എ.പി.എ ചുമത്തിയുമുള്ള മാവോയിസ്റ്റ് വേട്ട റദ്ദാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനെ': സുനില്‍ പി ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 02, 02:28 pm
Saturday, 2nd November 2019, 7:58 pm

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ അരങ്ങേറുന്ന പോലീസ് ഭീകരതയ്ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുനില്‍ പി ഇളയിടം. ആളുകളെ വെടിവച്ചു കൊന്നും, ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലര്‍ത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എ.പി.എ ഭരണകൂട ഭീരകരതയുടെ ആവിഷ്‌കാരമായി നിലവില്‍ വന്ന നിയമമാണ്. സി.പി.ഐ.എം. ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങള്‍ നിരന്തരം എതിര്‍ത്തു പോന്ന ഭീകരനിയമം. ലഘുലേഖ കൈവശം വച്ചു എന്നും മുദ്രാവാക്യം വിളിച്ചു എന്നുമാരോപിച്ച് കേരളത്തിലും യു.എ.പി.എ ചുമത്തുന്നത് പോലീസ് ഭീകരതയുടെ മാത്രം വഴിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു നിലയ്ക്കും ആ വഴി പിന്‍പറ്റിക്കൂടാ’, സുനില്‍ പി. ഇളയിടം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്കുനേരെ പൊലീസ് യു.എ.പി.എ ചുമത്തിയതിനെതിരെയായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം.

സി.പി.ഐ.എം അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ അരങ്ങേറുന്ന പോലീസ് ഭീകരതയ്ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ആളുകളെ വെടിവച്ചു കൊന്നും , ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലര്‍ത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പോലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്. ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്.

യു.എ.പി.എ ഭരണകൂട ഭീരകരതയുടെ ആവിഷ്‌കാരമായി നിലവില്‍ വന്ന നിയമമാണ്. സി.പി.ഐ. എം. ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങള്‍ നിരന്തരം എതിര്‍ത്തു പോന്ന ഭീകരനിയമം. ലഘുലേഖ കൈവശം വച്ചു എന്നും , മുദ്രാവാക്യം വിളിച്ചു എന്നുമാരോപിച്ച് കേരളത്തിലും ഡഅജഅ ചുമത്തുന്നത് പോലീസ് ഭീകരതയുടെ മാത്രം വഴിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു നിലയ്ക്കും ആ വഴി പിന്‍പറ്റിക്കൂടാ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ