മണല്‍ക്കാറ്റ് ഷൂട്ട് ചെയ്ത സമയത്ത് ഷോക്കടിക്കുന്നത് കൊണ്ട് ക്യാമറയില്‍ തൊടാന്‍ പോലും പറ്റിയിരുന്നില്ല: സുനില്‍ കെ.എസ്
Entertainment
മണല്‍ക്കാറ്റ് ഷൂട്ട് ചെയ്ത സമയത്ത് ഷോക്കടിക്കുന്നത് കൊണ്ട് ക്യാമറയില്‍ തൊടാന്‍ പോലും പറ്റിയിരുന്നില്ല: സുനില്‍ കെ.എസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 10:54 am

ആടുജീവിതം സിനിമ കണ്ടവരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ഷോട്ടുകളുണ്ട്. മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ നജീബും ഇബ്രാഹിം ഖാദിരിയും പെട്ടുപോകുന്ന ഭാഗങ്ങള്‍ ടെന്‍ഷനോടെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. ക്ലോസപ്പ് രംഗങ്ങള്‍ യഥാര്‍ത്ഥ മണല്‍ക്കാറ്റിനിടയില്‍ വെച്ചാണ് ഷൂട്ട് ചെയ്തതെന്ന് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്തപ്പോളുള്ള അനുഭവം പങ്കുവെക്കുകയാണ് ഛായാഗ്രഹകന്‍ സുനില്‍ കെ.എസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്.

‘ഹെലികോപ്റ്ററുകള്‍ വെച്ച് കാറ്റുണ്ടാക്കി ഷൂട്ട് ചെയ്യാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിന്റെ കാരണം, പ്രൊപ്പല്ലര്‍ വെച്ച് ഷൂട്ട് കാറ്റുണ്ടാക്കിയാല്‍ അധികം ദൂരെ അത് വെക്കാന്‍ പറ്റില്ല. ക്യാമറയൊക്കെ പ്രൊപ്പല്ലറിന്റെ അടുത്ത് തന്നെ വെക്കണം. അത് പോസിബിള്‍ ആവില്ലെന്ന് മനസിലായപ്പോളാണ് ഹെലികോപ്റ്റര്‍ വെച്ച് കാറ്റുണ്ടാക്കാമെന്ന് തീരുമാനിച്ചത്. ആര്‍മിയോട് ചോപ്പര്‍ ചോദിക്കാമെന്നൊക്കെ ഇവിടുന്ന് തീരുമാനിച്ചിരുന്നു.

അങ്ങനെ അതൊക്കെ പ്ലാന്‍ ചെയ്ത് അള്‍ജീരിയയില്‍ ഷൂട്ടിനെത്തി. ഞങ്ങള്‍ അവിടെയെത്തിയ സമയത്ത് ഇടയ്‌ക്കൊക്കെ വെതര്‍ അലര്‍ട്ട് പറയുന്നുണ്ടായിരുന്നു. ആ സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അവിടെ ഇടക്കിടക്ക് മണല്‍ക്കാറ്റ് ഉണ്ടാകും. ആ സമയത്ത് ആരും പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ ഇക്കാര്യം വിളിച്ചു പറയുന്നത്. ഇത് കേട്ടപ്പോഴാണ് ഒറിജിനല്‍ മണല്‍ക്കാറ്റില്‍ ഈ സീന്‍ ഷൂട്ട് ചെയ്താലോ എന്ന് തോന്നിയത്. അങ്ങനെ കാറ്റടിക്കുന്ന സമയത്ത് എല്ലാവരും ഷൂട്ടിന് റെഡിയായി അതിന്റെ ഉള്ളില്‍ നിന്ന് ഷൂട്ട് ചെയ്തു.

ദൂരെ നിന്ന് കാണുന്ന ഷോട്ടൊക്കെ വി.എഫ്.എക്‌സ് ആയിരുന്നു. ഇതിന്റെ ഉള്ളില്‍ നിന്ന് ഷൂട്ട് ചെയ്ത സമയത്ത് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഈ മണല്‍ത്തരിയൊക്കെ നമ്മുടെ ബോഡിയില്‍ വന്നടിച്ചിട്ട് പോകുമ്പോള്‍ നമ്മുടെ ബോഡി ചാര്‍ജ്ഡ് ആവും. സ്റ്റാറ്റിക് കരണ്ട് നമ്മുടെ ബോഡിയില്‍ ഫോം ചെയ്യും. ആ സമയത്ത് നമുക്ക് ഒന്നും തൊടാന്‍ പറ്റില്ലായിരുന്നു. തൊട്ടാല്‍ ഷോക്കടിക്കും. ആളുകളൊക്കെ ഡിസ്റ്റന്‍സ് വിട്ടായിരുന്നു നിന്നിരുന്നത്. ആര്‍ക്കും ആരെയും തൊടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അതൊക്കെ,’ സുനില്‍ പറഞ്ഞു.

Content Highlight: Sunil KS share the experience of sand storm scene shooting in Aadujeevitham