national news
മതസൗഹാർദത്തിന്റെ നേർക്കാഴ്ച; 40 വർഷമായി ചെന്നൈയിലെ ഈ ക്ഷേത്രം റംസാൻ മാസത്തിൽ ഇഫ്താർ വിളമ്പുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 7:31 am

ചെന്നൈ: 40 വർഷത്തിലേറെയായി റംസാൻ മാസത്തിൽ മുസ്‌ലിങ്ങൾക്ക് ഇഫ്താർ വിരുന്നുകൾ നടത്തി മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ചെന്നൈയിലെ സൂഫിദാർ ക്ഷേത്രം. 1947ൽ ഇന്ത്യാ വിഭജനത്തിനുശേഷം ചെന്നൈയിലേക്ക് താമസം മാറിയ സിന്ധിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥിയായ ദാദ രത്തൻചന്ദാണ് ഈ പാരമ്പര്യം ആരംഭിച്ചത്.

റംസാനിലെ എല്ലാ രാത്രിയിലും സൂഫിദാർ ക്ഷേത്രത്തിൽ നിന്നുള്ള വളണ്ടിയർമാർ ട്രിപ്ലിക്കേനിലെ വല്ലാജ പള്ളിയിലെ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ വിഭവങ്ങളുമായി എത്തുന്നു. പള്ളിയിൽ പോകുന്ന ഏകദേശം 1,200 മുസ്‌ലിങ്ങൾക്ക് ഇവർ ഭക്ഷണം വിളമ്പുന്നു.

ചെന്നൈയിലെ കൊടും ചൂടിൽ 13 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന മുസ്‌ലിങ്ങൾക്ക് ഇവർ ആദരസൂചകമായി പരമ്പരാഗത മുസ്‌ലിം തൊപ്പികളും നൽകുന്നു.

തമിഴ്‌നാട്ടിലെ ആർക്കോട്ട് രാജകുടുംബാംഗങ്ങൾ ക്ഷേത്രം സന്ദർശിക്കാൻ വന്നപ്പോഴാണ് ഇഫ്താർ ഭക്ഷണം വിളമ്പുന്ന ആചാരം ആരംഭിച്ചത്. അന്നുമുതൽ, ഹിന്ദു, മുസ്‌ലിം സന്നദ്ധപ്രവർത്തകരുടെ സംയുക്ത പരിശ്രമത്തിലൂടെ ഈ ഇഫ്താറിന് വലിയ പ്രചാരം ലഭിച്ചു. ക്ഷേത്രത്തിൽ ഭക്ഷണം തയ്യാറാക്കി വൈകുന്നേരം 5:30 ഓടെ പള്ളിയിൽ എത്തിക്കുകയാണ് ചെയ്യാറ്.

മതസൗഹാർദപരമായ അന്തരീക്ഷമാണ് സൂഫിദാർ ക്ഷേത്രത്തിനുള്ളിൽ കാണാൻ സാധിക്കുക. വിവിധ മതങ്ങളുടെ നിരവധി മതചിഹ്നങ്ങൾ അവിടെയുണ്ട്. സൂഫികൾ, ഹിന്ദു ദൈവങ്ങൾ, യേശുക്രിസ്തു, സിഖ് ഗുരുക്കൾ തുടങ്ങിയ ഫോട്ടോഗ്രാഫുകൾ സൂഫിദാർ ക്ഷേത്രത്തിലെ ചുവരുകളിൽ ഉണ്ട്.

ദാദാ രത്തൻചന്ദിന്റെ ദർശനം ഭാവി തലമുറയിലെ വളണ്ടിയർമാർക്ക് പ്രചോദനം നൽകുന്നു. ആരും അന്യരല്ലെന്നും എല്ലാവരെയും ഒരുപോലെ കാണാനാണ് ഹിന്ദുമതം തങ്ങളോട് പറയുന്നതെന്ന് പ്രമുഖ വളണ്ടിയർ ആയ രാം ദേവ് ചൂണ്ടിക്കാണിക്കുന്നു.

‘ഭിന്നതയാൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്ത്, സ്നേഹത്തിനും കാരുണ്യത്തിനും മനുഷ്യർ തമ്മിലുള്ള അന്തരം ഇല്ലാതാക്കാൻ കഴിയുമെന്നതിന്റെ സൂചനയാണ് സൂഫിദാർ ക്ഷേത്രത്തിന്റെ ഈ നീണ്ട പാരമ്പര്യം,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: For 40 years, this Chennai temple has served Iftar at a mosque during Ramzan