Entertainment
ആര്‍ക്കോ പറ്റിയ ചെറിയൊരു കൈയബദ്ധം, ഒടുവില്‍ പാതിരാത്രി സോഷ്യല്‍ മീഡിയയെ പഞ്ഞിക്കിട്ട് ഖുറേഷി അബ്രാമും സംഘവും

മലയാളക്കര ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും ഹൈപ്പ് വാനോളമുയര്‍ത്തുകയും ചെയ്തു.

ലൂസിഫറിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത അതേദിവസം തന്നെ എമ്പുരാന്റെ ട്രെയ്‌ലറും പുറത്തിറക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍. 2019 മാര്‍ച്ച് 20നായിരുന്നു ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മാര്‍ച്ച് 20ന് ഉച്ചക്ക് 1.08ന് ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു എമ്പുരാന്റെ ടീം അറിയിച്ചത്.

എന്നാല്‍ തമിഴ് ട്രെയ്‌ലര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ തലേദിവസം രാത്രി ലീക്കാവുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ ഭാഷയിലുമുള്ള ട്രെയ്‌ലര്‍ രാത്രി 12 മണിയോടെ പുറത്തുവിടുകയും ചെയ്തു. ലീക്കായ ട്രെയലര്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തു. അപ്രതീക്ഷിതമായെത്തിയ ട്രെയ്‌ലര്‍ മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ക്വാളിറ്റിയുള്ള ഒന്നാണെന്ന് സംശയമേതുമില്ലാതെ പറയാം.

ഖുറേഷി അബ്രാമിന്റെ സാമ്രാജ്യത്തിന്റെ വലുപ്പം എത്രമാത്രമുണ്ടെന്ന് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ഒപ്പം കേരളത്തിലെ രാഷ്ട്രീയസ്ഥിതികള്‍ കലങ്ങിമറിയുകയും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ തിരിച്ചുവരവിന് കാരണമാവുകയും ചെയ്യുന്ന രംഗങ്ങള്‍ ട്രെയ്‌ലറിലുണ്ട്. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച സിനിമയാണ് എമ്പുരാനെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്.

ആദ്യഭാഗത്തിലെ പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഒപ്പം പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന സജനചന്ദ്രന്‍ ഇത്തരത്തിലൊരു കഥാപാത്രമാണ്. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയപാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവാണ് സജനചന്ദ്രനെന്ന് ട്രെയ്‌ലറില്‍ സൂചിപ്പിക്കുന്നുണ്ട്. സ്റ്റീഫന്റെ കേരളത്തിലേക്കുള്ള വരവിന് ഈ കഥാപാത്രം വലിയൊരു പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്.

ആദ്യഭാഗത്തില്‍ മാസ് ഹീറോയിക് പരിവേഷം ലഭിച്ച ടൊവിനോക്ക് രണ്ടാം ഭാഗത്തില്‍ സ്വല്പം ഗ്രേ ഷേഡാണെന്നുള്ള സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. എല്ലാറ്റിനുമുപരി പോസ്റ്ററില്‍ സസ്‌പെന്‍സാക്കി വെച്ച ഡ്രാഗണ്‍ ചിഹ്നം ഉപയോഗിക്കുന്ന കഥാപാത്രത്തെ ഒരൊറ്റ ഷോട്ടില്‍ മാത്രം കാണിച്ച് ആകാംക്ഷ കൂട്ടുകയും ചെയ്യുന്നുണ്ട്. തന്റെ ഇഷ്ടനടനെ വെച്ച് പൃഥ്വി എന്താണ് ഒരുക്കിവെച്ചതെന്ന് കാണാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.

Content Highlight: Lucifer trailer out on midnight and went in discussion