പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസിൽ ശിക്ഷ വിധി; ഒന്നാം പ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവ്
Kerala News
പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസിൽ ശിക്ഷ വിധി; ഒന്നാം പ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Saturday, 22nd March 2025, 12:43 pm

മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒമ്പത് മാസവും തടവ് ശിക്ഷയും 2,30000 രൂപ പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വർഷവും ഒമ്പത് മാസവും തടവ് 15,000 രൂപ പിഴ, ആറാം പ്രതി നിഷാദിന് മൂന്ന് വർഷം ഒമ്പത് മാസം തടവ് 15 ,000 രൂപ പിഴ എന്നിങ്ങനെയാണ് കോടതി വിധിച്ചിരിക്കുന്നത്. മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.

മൂന്ന് പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ 12 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനാവാതെയുള്ള കേസുകളിലെ ആദ്യ ശിക്ഷയാണിതെന്ന് പൊലീസ് പറഞ്ഞു.

2019ലാണ് മൈസൂരുവില്‍ നിന്നും ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. ഒരു വര്‍ഷത്തോളം മുഖ്യപ്രതിയുടെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫില്‍ നിന്നും ഒറ്റമൂലികള്‍ കൈവശമാക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

മര്‍ദനത്തിന് പിന്നാലെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറിയ കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ പ്രതികള്‍ ഒഴുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതിയുടെ കാറില്‍ നിന്നും ഷാബാ ഷെരീഫിന്റെ മുടിയിഴ കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം പുരോഗമിച്ചത്.

 

Content Highlight: Sentenced in the murder case of traditional healer Shaba Sharif; First accused sentenced to 11 years and nine months in prison