Entertainment
100 കോടി ബജറ്റില്‍ 80 കോടി നടന്റെ സാലറിയും ബാക്കി 20 കോടിക്ക് സിനിമയും എന്ന രീതിയില്‍ ചെയ്ത പടമല്ല എമ്പുരാന്‍: പൃഥ്വിരാജ്

മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഒരു മലയാളസിനിമയുടെ ഏറ്റവും വലിയ റിലീസാണ് എമ്പുരാന്‍ ലക്ഷ്യം വെക്കുന്നത്. ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിട്ടാകും എമ്പുരാന്‍ കളംവിടുകയെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. സിനിമയുടെ യഥാര്‍ത്ഥ ബജറ്റ് പുറത്തുവിടാന്‍ തനിക്ക് അവകാശമില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ഇതുവരെ ഒരുരൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും മേക്കിങ്ങിനിായാണ് ബജറ്റിന്റെ വലിയൊരു ഭാഗവും ചെലവായതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

പല സിനിമകളും 100 കോടി ബജറ്റെന്ന് പറയുമ്പോള്‍ അതില്‍ 80 കോടിയും നായകന്റെ സാലറിയായാണ് പോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ബാക്കി 20 കോടിക്കായിരിക്കും സിനിമ പൂര്‍ത്തിയാക്കുകയെന്നും അക്കാരണത്താല്‍ മേക്കിങ്ങില്‍ കോംപ്രമൈസ് ചെയ്യേണ്ട അവസ്ഥയാകുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എമ്പുരാനില്‍ അങ്ങനെയല്ലെന്നും സിനിമയുടെ മേക്കിങ് മികച്ചതാക്കാന്‍ പല ആര്‍ട്ടിസ്റ്റുകളും വിട്ടുവീഴ്ച ചെയ്‌തെന്നും പൃഥ്വിരാജ് പറഞ്ഞു. എമ്പുരാന്റെ അടുത്ത ഭാഗത്തെക്കുറിച്ചും പൃഥ്വി സംസാരിച്ചു. എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റില്‍ മൂന്നാം ഭാഗത്തിന്റെ സൂചനകളുണ്ടെന്നും അത് ആരും മിസ്സാകാതിരിക്കാന്‍ ശ്രമിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എമ്പുരാന്റെ ബജറ്റിനെപ്പറ്റി പലരും പലതും സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ സിനിമയുടെ യഥാര്‍ത്ഥ ബജറ്റിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ല. അത് പറയേണ്ടവര്‍ തന്നെ നിങ്ങളോട് പറയാം. ഒരു കാര്യം ഞാന്‍ ഉറപ്പ് നല്‍കാം. ടോട്ടല്‍ ബജറ്റിന്റെ ഭൂരിഭാഗവും ഇതിന്റെ മേക്കിങ്ങിനായാണ് ചെലവാക്കിയിരിക്കുന്നത്.

എമ്പുരാന് വേണ്ടി ഇന്നേവരെ ഒരുരൂപ പോലും ലാല്‍ സാര്‍ വാങ്ങിയിട്ടില്ല. പല സിനിമകളും 100 കോടി ബജറ്റിട്ട ശേഷം അതില്‍ 80 കോടി നായകന്റെ സാലറിയായും ചെലവാക്കും. ബാക്കി 20 കോടിക്ക് പടം തീര്‍ക്കേണ്ടിവരും. എന്നാല്‍ എമ്പുരാനില്‍ അങ്ങനെയല്ല. ഇതിന്റെ മേക്കിങ് മികച്ചതാക്കാന്‍ പല ആര്‍ട്ടിസ്റ്റുകളും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. എമ്പുരാന്റെ അടുത്ത പാര്‍ട്ടിനുള്ള സൂചന ഇതിന്റെ എന്‍ഡ് ക്രെഡിറ്റില്‍ നല്‍കുന്നുണ്ട്. അത് മിസ്സാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj says Mohanlal didn’t buy remuneration for Empuraan movie