Kerala News
'സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ' കാലിക്കറ്റ് സർവകലാശാലയിലെ എസ്.എഫ്.ഐ ബാനറിനെതിരെ ഗവർണർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Saturday, 22nd March 2025, 1:02 pm

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ചാൻസിലറെയാണ് വേണ്ടത് സവർക്കറെയല്ല എന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്.

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവർക്കറെന്നും സവർക്കറെന്നാണ് ശത്രുവായതെന്നും ഗവർണർ ചോദിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ.

താൻ സർവകലാശാലയിലെ ബാനർ വായിച്ചെന്നും സവർക്കറെക്കുറിച്ച് പറയാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ പറയുകയാണെന്നും ഗവർണർ പറഞ്ഞു. എന്ത് തരത്തിലുള്ള ചിന്തയാണിത്, സവർക്കർ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ ഇവിടെയുള്ള ബാനർ വായിക്കുകയായിരുന്നു. ഞങ്ങൾക്ക് വേണ്ടത് ചാൻസിലറെയാണ്, സവർക്കറെയല്ല. സവർക്കർ ഈ രാജ്യത്തിന്റെ ശത്രുവാണോ, ചാൻസിലർ ഇതാ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾക്ക് എന്താണ് വേണ്ടത് അത് ചാൻസിലറോട് ചെയ്തോളു. പക്ഷെ സവർക്കർ എന്ത് ചെയ്തു? അദ്ദേഹം അദ്ദേഹത്തിന്റെ സ്വാർത്ഥതക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അദ്ദേഹം എപ്പോളും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. മറ്റുള്ളവർക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്.

സവർക്കറെക്കുറിച്ച് അറിവില്ലാത്തതിന്റെ പ്രശ്നമാണിത്. ഞാൻ സവർക്കറെക്കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല. പക്ഷേ ഈ ബാനർ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. വൈസ് ചാൻസിലർ നിങ്ങൾ ഇത്തരം പ്രവണതകൾ കൈകാര്യം ചെയ്യണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Governor criticized to SFI banner at Calicut University, saying ‘Savarkar sacrificed for the country’