Entertainment
ഒരുപാട് പ്രശ്‌നം കൊത്ത എന്ന സിനിമക്ക് ഉണ്ടെങ്കിലും ആ ചിത്രം കാരണമാണ് തെലുങ്കിലെ സൂപ്പര്‍താരചിത്രത്തിലേക്ക് എന്നെ വിളിച്ചത്: ജേക്‌സ് ബിജോയ്

മിന്നലഴകേ എന്ന ആല്‍ബം സോങ്ങിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്. 2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സാണ് ജേക്‌സിന്റെ ആദ്യചിത്രം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ജേക്‌സിന് സാധിച്ചു. ടാക്‌സിവാലാ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ജേക്‌സ് തന്റെ സാന്നിധ്യമറിയിച്ചു. ഇന്ന് മലയാളത്തിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്.

ജേക്‌സ് സംഗീതം നല്‍കിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. ചിത്രത്തെ ഇന്നും പല ട്രോള്‍ പേജുകളിലും കീറിമുറിക്കുന്നുണ്ട്. കിങ് ഓഫ് കൊത്തയെക്കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.

കൊത്ത തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും തനിക്ക് ആ ചിത്രം കൊണ്ട് വലിയ നഷ്ടമുണ്ടായിട്ടില്ലെന്ന് ജേക്‌സ് പറഞ്ഞു. താനടക്കം എല്ലാവരും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ പണിയെടുത്ത സിനിമയായിരുന്നു കൊത്തയെന്നും അതിന്റെ പരാജയം എല്ലാവരെയും തളര്‍ത്തിയെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊത്തയില്‍ തന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെട്ടെന്നും അതിലെ ബി.ജി.എം ഉപയോഗിച്ച് പല എഡിറ്റഡ് വീഡിയോസും വരാറുണ്ടെന്നും ജേക്‌സ് ബിജോയ് പറഞ്ഞു.

കൊത്തയുടെ മോഷന്‍ പോസ്റ്റര്‍ കണ്ടിട്ടാണ് നാനി തന്നെ സരിപ്പോത സനിവാരം എന്ന ചിത്രത്തിലേക്ക് വിളിച്ചതെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് തെലുങ്കിലും തനിക്ക് ഒരുപാട് വര്‍ക്ക് കിട്ടിയെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. കൊത്തയിലൂടെ കൂടുതല്‍ അവസരങ്ങള്‍ തനിക്ക് വന്നുചേര്‍ന്നെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘കൊത്ത എന്നെ സംബന്ധിച്ച് ഒരു പരാജയചിത്രമല്ല. ആ സിനിമ കാരണം എനിക്ക് നഷ്ടമുണ്ടായിട്ടില്ല. തിയേറ്ററില്‍ ഹിറ്റാകണമെന്ന് കരുതി തന്നെയാണ് ആ സിനിമയില്‍ ഞാനടക്കം എല്ലാവരും വര്‍ക്ക് ചെയ്തത്. റിലീസിന്റെ സമയത്ത് ഞങ്ങളെല്ലാവരും ദുബായിലായിരുന്നു. പടത്തിന്റെ പരാജയം എല്ലാവരെയും നന്നായി ബാധിച്ചു.

ഒരുപാട് പ്രശ്‌നം കൊത്തക്ക് ഉണ്ടെങ്കിലും ആ സിനിമയിലെ ബി.ജി.എം വെച്ച് ഒരുപാട് എഡിറ്റഡ് വീഡിയോസ് വരുന്നുണ്ട്. അത് മാത്രമല്ല, കൊത്തയുടെ മോഷന്‍ പോസ്റ്റര്‍ കണ്ടിട്ടാണ് നാനി എന്നെ സരിപ്പോത സനിവാരത്തിലേക്ക് വിളിച്ചത്. അതിന് മുമ്പേ തെലുങ്കില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമയിലൂടെ കൂടുതല്‍ വര്‍ക്ക് എന്നെ തേടിവന്നു,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy saying King of Kotha gave him more opportunities in Telugu