Entertainment
ഫഹദോ മറ്റേതെങ്കിലും വിദേശതാരമോ? എമ്പുരാന്റെ ട്രെയ്ലര്‍ പുറത്ത് വന്നതിന് പിന്നാലെ ചര്‍ച്ചയായി ചുവന്ന ഡ്രാഗണ്‍

മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

ഓണ്‍ലൈനിലും ഓഫ്ലൈനിലും എമ്പുരാന്‍ മാത്രമാണ് ട്രെന്‍ഡായി നില്‍ക്കുന്നത്. മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ ഒന്നുപോലും വിടാതെ എമ്പുരാന്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.എമ്പുരാനെ വരവേല്‍ക്കാന്‍ തിയേറ്ററുകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെ അര്‍ദ്ധരാത്രി പുറത്ത് വന്നിരുന്നു. ട്രെയ്ലര്‍ പുറത്തിറക്കി നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ 1.5 മില്ല്യണ്‍ വ്യൂസ് യൂട്യൂബില്‍ നേടി. ആദ്യാവസാനം സസ്‌പെന്‍സ് നിറച്ച ട്രെയ്ലറില്‍ മോഹന്‍ലാലിന്റെ അബ്രാം ഖുറേഷിയും പൃഥ്വിരാജിന്റെ സയേദ് മസൂദും നിറഞ്ഞ് നിന്നപ്പോള്‍ ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രം ധരിച്ചയാള്‍ ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. വെള്ള വസ്ത്രമിട്ട ഒരാള്‍ തിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് ആരാകുമെന്ന ചര്‍ച്ചകള്‍ കനത്തിരുന്നു. ചര്‍ച്ചകളില്‍ കൊറിയന്‍ താരങ്ങള്‍ മുതല്‍ മലയാളത്തിന്റെ മമ്മൂട്ടിയും ഫഹദ് ഫാസിലും അടക്കമുണ്ടായിരുന്നു.

എന്നാല്‍ ആരാണെന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ യാതൊരുവിധ സൂചനയും നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിടുമെന്ന അപ്‌ഡേഷന്‍ വന്നതുമുതല്‍ ട്രെയ്ലറില്‍ ആ ചുവന്ന ഡ്രാഗണ്‍ വസ്ത്രധാരിയെ റിവീല്‍ ചെയ്യുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ട്രെയ്ലറില്‍ കറുത്ത വസ്ത്രത്തിന് പുറകില്‍ ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള ആള്‍ ഉണ്ടായിരുന്നുവെങ്കിലും അത് ആരാണെന്ന് വ്യക്തമല്ല.

ഫഹദ് ഫാസില്‍ ആണെന്നും, അല്ല മറ്റ് വിദേശ താരങ്ങളില്‍ ആരെങ്കിലും ആകാം എന്ന തരത്തില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാലും ഫഹദിന്റെ പേരുതന്നെയാണ് സൈബറിടങ്ങളില്‍ നിറയുന്നത്.

ആരായാലും തിയേറ്റര്‍ ഇളക്കിമറിക്കുന്ന ഒരു കാമിയോ ആയിരിക്കും അതെന്ന് തന്നെ ഉറപ്പിക്കാം. നേരത്തെ എമ്പുരാനില്‍ ആരും പ്രതീക്ഷിക്കാത്ത കാമിയോ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകരില്‍ പലരും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അത് ആരാണെന്ന് ഇനി ഏഴ് ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും.

Content Highlight: Social Media Discuss About The Red Dragon In Empuraan Movie Trailer