ഇന്ത്യ സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ട് വമ്പന്‍ നാണക്കേടാണ് തലയിലേറ്റിയത്. ഇനി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് മുന്നിലുള്ളത്. നവംബര്‍ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയ്ക്കി മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പര പരാജയപ്പെട്ടതോടെ രോഹിത് വിശ്രമത്തിന് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ കാണാനിടയായെന്ന് ഗവാസ്കര്‍ പറഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് വിശ്രമത്തിന് പോകുന്നത് തെറ്റാണെന്നും അല്ലെങ്കില്‍ ബാറ്റര്‍ ആയെങ്കിലും രോഹിത് ടീമില്‍ വേണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
‘ഓപ്പണിങ് ടെസ്റ്റില്‍ നായകന്‍ കളിക്കേണ്ടത് പ്രധാനമാണ്. അവന്‍ ഫിറ്റല്ലെങ്കില്‍, അത് മറ്റൊരു സാഹചര്യമാണ്. എന്നിരുന്നാലും ആദ്യ മത്സരത്തില്‍ നിങ്ങളുടെ ക്യാപ്റ്റനില്ലെങ്കില്‍, നിങ്ങളുടെ ഡെപ്യൂട്ടി (വൈസ് ക്യാപ്റ്റന്‍) സമ്മര്‍ദത്തിലാകും.
ഒരു പക്ഷത്തെ നയിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നും രണ്ടാം മത്സരവും അദ്ദേഹത്തിന് നഷ്ടമാകുമെന്നും ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. വിഷയം വ്യക്തിപരമായതാണെങ്കില്‍ വിശ്രമം തെരഞ്ഞെടുക്കുന്നതിന്റെ ആശങ്ക അവനോട് പറയണം.
നിങ്ങള്‍ക്ക് ക്യാപ്റ്റനായിട്ടല്ല, ഒരു ബാറ്ററായി നില്‍ക്കാം. പര്യടനത്തിനായി ഞങ്ങള്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് ടീമിന്റെ വൈസ് ക്യാപ്റ്റന് നല്‍കാം. തുടക്കം മുതല്‍ ഒരു നേതാവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഒരു ടെസ്റ്റ് പരമ്പര 3-0ന് തോല്‍ക്കുമ്പോള്‍ ഒരു ക്യാപ്റ്റന്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്,’ സുനില്‍ ഗവാസ്‌കര്‍ സ്പോര്‍ട്സ് ടാക്കില്‍ പറഞ്ഞു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. പരമ്പരയില്‍ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യ ലക്ഷ്യം വെക്കുന്നില്ല.